പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് മെട്രോ ട്രെയിനിൽ നഷ്ടമായയാൾക്ക് പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം അത് പാഴ്സൽ ആയി ലഭിച്ചു. ഡൽഹിയിലെ ലാജ്പത്ത് നഗറിൽ നിന്നും സെൻട്രൽ സെക്രട്ടേറിയറ്റിലേക്കുള്ള യാത്രക്കിടയിലാണ് ഗുർപ്രീത് സിംഗ് എന്ന ഇരുപത്തിനാലുകാരന് തന്റെ പേഴ്സ് നഷ്ടമായത്. ഉടൻ തന്നെ മെട്രോയുടെ അധികൃതരെ അദ്ദേഹം വിവരം അറിയിച്ചു. തുടർന്ന് കുറെയധികം സമയം എല്ലാവരും തെരഞ്ഞങ്കിലും പേഴ്സ് കണ്ടെത്താനായില്ല.
അദ്ദേഹത്തിന് നിരാശനായി മടങ്ങുവാനെ സാധിച്ചുള്ളു. എന്നാൽ പതിനൊന്ന് ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തെ തേടി ഒരു പാഴ്സൽ എത്തി. തന്റെ കൈയ്യിൽ നിന്നും നഷ്ടമായ പേഴ്സ് ആയിരുന്നു അത്. അന്നുണ്ടായിരുന്ന പണവും മുഴുവൻ രേഖകളും ആ പേഴ്സിനുള്ളിൽ ഉണ്ടായിരുന്നു.
നോയിഡ സ്വദേശിയായ സിദ്ധാർഥ് മെഹ്ത എന്നയാൾക്കാണ് ഈ പേഴ്സ് ലഭിച്ചത്. ഗുൽപ്രീത് സിംഗിന്റെ മേൽവിലാസം പേഴ്സിനുള്ളിലെ രേഖകളിൽ ഉണ്ടായിരുന്നതിനാലാണ് അദ്ദേഹത്തിന് അത് അയച്ചു നൽകുവാൻ എളുപ്പമായത്. തനിക്ക് ഒരു പരിചയവുമില്ലാത്തയാൾ തനിക്ക് ഇത്രെയും സഹായം ചെയ്തു തന്നതിനെ കുറിച്ച് നവമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
സിദ്ധാർഥിന്റെ സൽപ്രവർത്തിയെ പ്രശംസിച്ച് നിരവധിയാളുകളാണ് നവമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.