മലപ്പുറം: ദേശീയപാത വികസനത്തിനായി ജില്ലയിൽ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചു ആശങ്കകളും പ്രതിഷേധവും നിലനിൽക്കുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗം വിളിച്ചുചേർത്തു ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്നു മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ആശങ്കയകറ്റി അർഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നതു വരെ ദേശീയപാത വികസനത്തിനുള്ള സർവേയും കല്ലിടൽ പ്രവൃത്തിയും നിർത്തിവയ്ക്കാൻ നടപടികളുണ്ടാകണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു. പല സ്ഥലങ്ങളിലും സംഘർഷാവസ്ഥ ഉള്ളതിനാൽ വൻ പോലീസ് സന്നാഹത്തോടെയാണ് സർവേ നടപടികൾ നടന്നുകൊണ്ടിരിക്കുന്നത്.
ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകൾ പരിഹരിക്കാതെ സർവേ നടക്കുന്നതാണ് പ്രശ്നങ്ങൾക്കു കാരണം. നിലവിലുള്ള റോഡ് പരമാവധി ഉപയോഗപ്പെടുത്തുന്നവിധം അലൈമെന്റ്് വരുന്നില്ല. ഭൂമി നഷ്ടപ്പെടുന്നവർക്കു കിട്ടുന്ന നഷ്ടപരിഹാരമെന്തൊക്കെയെന്നു ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ആസ്തി നഷ്ടപ്പെടുന്നവരെ വിളിച്ചുചേർത്തു നഷ്ടപരിഹാരത്തിന്റെയും പുനരധിവാസത്തിന്റെയും യഥാർഥ വസ്തുതകൾ ബോധ്യപ്പെടുത്തിയതിനു ശേഷമേ സർവേ നടപടികൾ ആരംഭിക്കൂവെന്നു എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഇതുവരെ നടപടിയായിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്കു പുനരധിവാസത്തിനു ആവശ്യമായ പ്രതിഫല തുക നൽകാൻ സർക്കാർ സന്നദ്ധമാകണം. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്മന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു.
ഇതു വേഗത്തിലാക്കി ജനങ്ങളുടെ ആശങ്കക്ക് അറുതി വരുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി യു.എ ലത്തീഫ്, എം.എ ഖാദർ, സലീം കുരുവന്പലം, ഉമ്മൽ അറക്കൽ, നൗഷാദ് മണ്ണിശേരി, ഇസ്മായിൽ മൂത്തേടം, കെ.എം ഗഫൂർ, ബക്കർ ചെർണൂർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.