കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ സമ്മര്‍ദ്ദ തന്ത്രവുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്. ഫാറൂഖ് കോളജ് വിഷയമടക്കമുള്ള സംഭവങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ന്യൂനപക്ഷ വിരുദ്ധമാണെന്നും അത് പരോക്ഷമായി ആര്‍എസ്എസിനെയും ബിജെപിയേയും സഹായിക്കുന്നതാണെന്നും കഴിഞ്ഞ ദിവസം കോഴിക്കോട്ടുചേര്‍ന്ന മുസ്ലിം സംഘടനകളുടെ യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും മുസ്ലിംലീഗ് നേതൃത്വത്തില്‍ ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു.
മതപ്രബോധകരെ തിരഞ്ഞുപിടിച്ച് പോലീസ് ആക്രമിക്കുകയാണെന്നാണ് സംഘടനാ നേതാക്കളുടെ ആരോപണം.”വത്തക്ക’ പരാമര്‍ശ വിവാദവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരേ കേസെടുത്തതും വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടി. മതസംഘടന നടത്തിയ പരിപാടിയില്‍ കോളജിനു പുറത്തെ വേദിയിലാണ് അധ്യാപകന് പ്രസംഗിച്ചത്. ഇതിനെതിരേ കേസെടുത്തത് ശരിയായില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ സാമ്പത്തിക സംവരണം ന്യൂനപക്ഷ വിരുദ്ധമാണെന്ന ആക്ഷേപവും മുസ്ലിം സംഘടനകള്‍ ഉയര്‍ത്തി. ഫലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ ശക്തമായ വികാരം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന കാര്യം നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടക്കുന്ന കൂടികാഴ്ചയില്‍ വ്യക്തമാക്കും. ഇത് ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ പ്രതിഫിക്കുമെന്ന കാര്യവും ബോധയപ്പെടുത്തും.
മതപ്രബോധകരെ അനാവശ്യമായി അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മതപ്രബോധകര്‍ക്കെതിരെ കേസെടുക്കുന്നത് വര്‍ധിച്ചുവരുന്നുവെന്നാണ് മുസ്ലിം സംഘടനകളുടെ പ്രധാന പരാതിയെന്ന് യോഗത്തില്‍ പങ്കെടുത്ത ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
മതപ്രഭാഷണം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ വരുന്നതാണ്. ഇത് ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാവില്ല. ഇത് ഭരണഘടനവിരുദ്ധമാണെന്നും മദ്യനയത്തിനെതിരെയും പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും. പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് സമുദായനേതാക്കള്ക്കിടയിലെ ധാരണ. സുന്നി, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.