നാദാപുരം: മലയോര മേഖലയായ വിലങ്ങാട്ടെ ആദിവാസി കോളനികളിൽ നിന്ന് പോലീസ് വാഹനത്തിൽ കോഴിക്കോട്ടെത്തിയതാണ് ഈ കുട്ടികൾ. വിലങ്ങാട് അടുപ്പിൽ, കെട്ടിൽ കോളനികളിലെ അഞ്ചു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളാണ്, റൂറൽ എസ്പി എം.കെ.പുഷ്ക്കരൻ, ഡിവൈഎസ്പി വി.കെ.രാജു എന്നിവർ മുൻ കൈയെടുത്താണ് ജനമൈത്രി പോലീസിന്റെ സഹായത്തോടെ കോഴിക്കോട് ടൗണും പരിസരവും സന്ദർശിക്കാൻ എത്തിയത്.
ഇന്നലെ രാവിലെ ഏഴരക്ക് വിലങ്ങാട് നിന്നും പോലീസ് ബസിലാണ് 22 പെൺകുട്ടികളും 13 ആൺകുട്ടികളും വിലങ്ങാട് സെന്റ് ജോർജ് ഹൈ സ്കൂളിലെ രണ്ടു അധ്യാപകർക്കൊപ്പം യാത്ര തിരിച്ചത്. മലയോര മേഖലയിലെ ഉൾഭാഗങ്ങളിൽ കാടിൻന്റെ കാട്ടരുവികളുടെയും സംഗീതം ശ്രവിച്ച് ഉണ്ണുകയും ഉറങ്ങുകയും ചെയ്തിരുന്ന കുട്ടികൾക്ക് ടൗണിന്റെ പകിട്ടും, ആരവവും, തിരക്കും, വാഹനങ്ങളും, വലിയ കെട്ടിടങ്ങളും, പ്ലാനറ്റോറിയത്തിലെ നക്ഷത്ര ലോകവും, ദീപാലംകൃതമായ കോഴിക്കോട് നഗരവും എല്ലാം തികഞ്ഞ കൗതുകം തന്നെയായിരുന്നു.
ബേപ്പൂർ തുറമുഖം, പ്ലാനറ്റോറിയം, കടൽ തീരം എന്നിവിടങ്ങളിൽ എത്തിയ കുട്ടികൾ മതിമറന്ന് ആർത്തുല്ലസിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവർ ബീച്ചിൽ എത്തിയത്. മണൽപ്പരപ്പിൽ ചാടിക്കളിച്ചും കടലിലേക്കിറങ്ങി തിരമാലകളെ തലോടിയും ചില കുട്ടികൾ ആഹ്ലാദം പങ്കിട്ടപ്പോൾ മറ്റു ചിലർക്ക് പരിഭ്രമമായിരുന്നു.