കാഞ്ഞങ്ങാട്: മൊബൈൽ കടയുടെ ഷട്ടർ തകർത്ത് അകത്തുകടന്ന മോഷ്ടാവ് പണവുമായി കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കോട്ടച്ചേരി കല്ലട്ര കോംപ്ലക്സിലെ ചെറുവത്തൂർ സ്വദേശി എം.ടി.ജാബിറിന്റെ ഉടമസ്ഥതയിലുള്ള വിവോ മൊബൈൽ കടയിലാണ് മോഷണം നടന്നത്.
മോഷ്ടിച്ച മൊബൈലുകള്‍ സഞ്ചിയിലാക്കിയെങ്കിലും കടയ്ക്കുള്ളിൽ ഉപേക്ഷിച്ച നിലയിൽകണ്ടെത്തി. മേശവലിപ്പിൽ സൂക്ഷിച്ച പണം നഷ്ടമായിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ മോഷ്ടാവിനു പരിക്കേറ്റിട്ടുണ്ട്. കടയ്ക്കുള്ളിൽ രക്തം തളംകെട്ടി നിൽക്കുന്നതായും കണ്ടെത്തി.
ഷട്ടർ കുത്തിത്തുറന്നു ഗ്ലാസ് തകർത്താണ് മോഷണം നടന്നിരിക്കുന്നത്. പ്ലാസ്റ്റിക് കവറിൽ എടുത്തുവച്ച മൊബൈൽ ഫോണുകൾക്ക് ഏകദേശം മൂന്നു ലക്ഷത്തിലേറെ രൂപ വില വരും.സംഭവത്തെതുടർന്നു വിരലടയാള വിദഗ്ധരും പരിശോധനയ്ക്കെത്തി. ഹൊസ്ദുർഗ് പ്രിൻസിപ്പൽ എസ്ഐ കെ.സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി.