എരുമേലി: കൊച്ചുകാങ്കോലിൽ വർഗീസ് അയൽവാസിയുടെ താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിലേക്ക് തൊട്ടിയിറക്കുമ്പോഴാണ് ഒരു പ്രത്യേക ശബ്ദം കേട്ട് കിണറിനുള്ളിലേക്ക് എത്തിനോക്കിയത്.
ശബ്ദംകേട്ട ഭാഗത്തേക്ക് സൂക്ഷിച്ച് നോക്കിയ വർഗീസ് ഉറക്കെ വിളിച്ചുകൂവി അയൽസികളെ കൂട്ടി. ഉപയോഗിക്കാതെ കിടന്ന കിണറ്റിലെ വെള്ളം വീട്ടാവശ്യത്തിന് കോരിയെടുക്കാനെത്തിയ വർഗീസിന് നേർക്ക് പത്തിവിരിച്ച പാമ്പ് മൂർഖൻ ആണെന്ന് ഓടിയെത്തിയവർ അറിയിച്ചതോടെ കിണറും പരിസരവുംആൾക്കൂട്ടത്താൽ നിറഞ്ഞു.
എരുമേലി ആമക്കുന്നിൽ റസാഖിന്റെ കിണറാണ് കഴിഞ്ഞ ദിവസം മൂർഖന്റെ വിഹാരസ്ഥലമായത്. വനപാലകരിലൂടെ വാവാ സുരേഷിനെ വിവരമറിയിച്ച നാട്ടുകാർ വാവ എത്തുന്നതു വരെ പാമ്പ് രക്ഷപ്പെടാതെ കാവലായി.
രാത്രിയോടെ വാവ എത്തി. അരണ്ട ടോർച്ച് വെളിച്ചത്തിൽ മൂർഖനെ കണ്ട വാവ താഴേക്ക് ഊർന്നിറങ്ങി. അൽപ്പസമയത്തിനുളളിൽ വാവ കയറി വരുമ്പോൾ കൈക്കുള്ളിലുണ്ടായിരുന്നു മൂർഖൻ. അഞ്ച് അടിയിലേറെ നീളവും ഏഴ് വയസ് പ്രായവുമുളള മൂർഖൻ പെൺവർഗത്തിൽ പെട്ടതായിരുന്നു.
സമീപത്തെവിടെയോ ഇണ ഉണ്ടാകുമെന്നു കരുതി തെരഞ്ഞെങ്കിലും ഇണയെ കിട്ടിയില്ല. മുത്തം കൊടുത്ത് പെൺമൂർഖനെ കൈക്കുള്ളിലൊതുക്കിപ്പിടിച്ച വാവക്കൊപ്പം ഫോട്ടോയെടുക്കാൻ നാട്ടുകാർ നിരവധിപ്പേർ ചുറ്റും കൂടി. മടക്കയാത്രയിൽ മൂർഖനെ സ്വതന്ത്രയാക്കി കാട്ടിലേക്ക് വാവ തുറന്നുവിട്ടു.