തലയോലപ്പറന്പ്: വ്യാജ ഫോണ് സന്ദേശം ഫയർ ഫോഴ്സിനെ വട്ടംകറക്കി. ഇന്നലെ രാവിലെ പത്തിന് തലയോലപ്പറന്പ് ഗവണ്മെന്റ് ആശുപത്രിക്കുസമീപം വ്യാപാര സ്ഥാപനത്തിനു തീപിടിച്ചെന്ന സന്ദേശമാണ് വൈക്കം ഫയർഫോഴ്സ് ഓഫീസിൽ ലഭിച്ചത്. സംഭവസ്ഥലത്തേക്ക് വേഗമെത്താനായി സന്ദേശവും ഫോണ് നന്പറും കടുത്തുരുത്തി ഫയർ സ്റ്റേഷനിലേക്കു കൈമാറി.
സ്റ്റേഷൻ ഓഫീസർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിക്കു സമീപമെത്തി സംഭവസ്ഥലം തിരക്കിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ സന്ദേശം ലഭിച്ച ഫോണ്നന്പറിലേക്കു വിളിച്ചു തിരക്കിയപ്പോൾ തലയോലപ്പറന്പ് കെ.ആർ. ഓഡിറ്റോറിയത്തിനു സമീപമുള്ള സ്വകാര്യ ആശുപത്രിക്കടുത്താണെന്ന് മറുപടി ലഭിച്ചതോടെ വാഹനവുമായി ഫയർഫോഴ്സ് അവിടയെത്തിയെങ്കിലും സംഭവസ്ഥലം കണ്ടെത്താനായില്ല. തുടർന്നു സന്ദേശം ലഭിച്ച ഫോണിലേക്കു വീണ്ടും വിളിച്ചു.
തിരക്കിനിടയിൽ പറഞ്ഞപ്പോൾ മാറിപ്പോയതാണെന്നും വടയാർ ഇളങ്കാവ് ജംഗ്ഷനിലാണെന്നും പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ ഇളങ്കാവിലെത്തിയെങ്കിലും സംഭവസ്ഥലം കണ്ടെത്താനായില്ല.
സന്ദേശം ലഭിച്ച നന്പറിലേക്കു വീണ്ടും വിളിച്ചപ്പോൾ അസഭ്യ വർഷമാണുണ്ടായതെന്നു ഫയർസ്റ്റേഷൻ അധികൃതർ പറഞ്ഞു. സംഭവം സംബന്ധിച്ച് തലയോലപ്പറന്പ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി. സൈബർസെല്ലിന്റെ സഹായത്തോടെ ഫോണ്വിളിച്ചയാളെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടു വരുമെന്ന് തലയോലപ്പറന്പ് എസ്ഐ രഞ്ജിത് കെ. വിശ്വനാഥ് പറഞ്ഞു.