കൊച്ചി: സിനിമ, സീരിയൽ രംഗത്തെ ആവശ്യക്കാർക്ക് വിതരണം ചെയ്യാനായി കൊച്ചിയിൽ എത്തിച്ച ഹാഷിഷ് ഓയിൽ, കൊക്കൈൻ, എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുമായി യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിലായി. കാസർഗോഡ് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ബിലാൽ (32), എറണാകുളം പള്ളുരുത്തി സ്വദേശിനി ഗ്രീഷ്മ (24), കണ്ണൂർ തലശേരി സ്വദേശി ചിഞ്ചു മാത്യു (24) എന്നിവരെയാണു ഷാഡോ പോലീസ് അറസ്റ്റു ചെയ്തത്.
മുഹമ്മദ് ബിലാലും ഗ്രീഷ്മയും താമസിക്കുന്ന ചിലവന്നൂർ ബണ്ട് റോഡിലുള്ള വാടക വീട്ടിൽനിന്നു കൊക്കൈൻ, രണ്ടു ഗ്രാം വീതമുള്ള നിരവധി പായ്ക്കറ്റ് എംഡിഎംഎ, എൽഎസ്ഡി സ്റ്റാന്പുകൾ, എക്റ്റസി പിൽസ് തുടങ്ങിയ ന്യൂജെൻ ലഹരി മരുന്നുകളും നിരവധി പായ്ക്കറ്റ് ഹാഷിഷ്, കഞ്ചാവ് തുടങ്ങിയവയും കണ്ടെടുത്തു. ലഹരിമരുന്ന് മാഫിയയ്ക്കെതിരേ സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഓപ്പറേഷനായ ഡസ്റ്ററിന്റെ ഭാഗമായി നടത്തിയ തെരച്ചിലിലാണ് പ്രതികൾ കുടുങ്ങിയത്.
ദന്പതികളാണെന്ന വ്യാജേന ചിലവന്നൂരിലെ വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇവർക്കു ഗോവയിലെ അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമാണുള്ളതെന്നും നഗരത്തിലെ ലഹരി ഉപഭോക്താക്കൾക്കായി ന്യൂജെൻ കെമിക്കൽ ഡ്രഗുകൾ എത്തിക്കുന്നതിലെ പ്രമുഖ കണ്ണികളാണ് പിടിയിലായ ബിലാലും ഗ്രീഷ്മയെന്നും പോലീസ് പറഞ്ഞു.
രണ്ടാഴ്ച കൂടുന്പോൾ ഗോവയിൽനിന്നു ശേഖരിക്കുന്ന ലഹരി വസ്തുകൾ വിമാന മാർഗമാണ് ഇവർ നഗരത്തിലേക്ക് എത്തിച്ചിരുന്നത്. ഇവർക്ക് കഞ്ചാവും ഹാഷിഷും എത്തിച്ചു നൽകുന്നത് കണ്ണൂർ സ്വദേശിയായ ചിഞ്ചു മാത്യു ആയിരുന്നു. കാക്കനാട്ടെ ഫ്ളാറ്റിൽനിന്നാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ പക്കൽനിന്ന് അര കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഒന്നര വർഷം മുൻപ് രണ്ടു കിലോ കഞ്ചാവുമായി ഇയാളെ ഷാഡോ സംഘം പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി ഇയാൾ നഗരത്തിൽ ഹാഷിഷും കഞ്ചാവുമെത്തിക്കുന്നത് തുടരുകയായിരുന്നു.
സിനിമ, സീരിയൽ രംഗത്തുള്ളവർക്കു പുറമെ നഗരത്തിലെ ചില പ്രമുഖ റസ്റ്ററന്റുകളുടെയും റെഡിമെയ്ഡ് ഷോപ്പുകളുടെയും ഉടമകളും ഇവരുടെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നു. ലഹരി വസ്തുക്കളുടെ വില്പന കൂടാതെ ഉപയോഗിക്കാനുള്ള സൗകര്യവും ഇവരുടെ താമസസ്ഥലത്ത് ഒരുക്കിയിരുന്നു. പ്രതികളുമായി ബന്ധപ്പെട്ട സിനിമ, സീരിയൽ രംഗത്തും മറ്റുമുള്ളയാളുകളുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കറുപ്പസ്വാമി അറിയിച്ചു.
ബിലാലിന്റെയും ഗ്രീഷ്മയുടേയും താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ ന്യൂ ജെൻ കെമിക്കൽ ഡ്രഗുകൾ ഉപയോഗിക്കുന്നതിനായുള്ള നക്ഷത്ര സൗകര്യങ്ങളാണ് കണ്ടെത്തിയത്. ലഹരി വസ്തുക്കളുടെ വിതരണത്തിനു പുറമേ ടൂർ പാക്കേജ് പോലെ ഉപയോഗത്തിനുള്ള സൗകര്യങ്ങളും ഇവർ ഇവിടെ ചെയ്തിരുന്നു. ഗോവയിലെ ന്യൂ ജെൻ ഡാൻസ് ബാറിനെ വെല്ലുന്ന സൗകര്യങ്ങളോടുകൂടിയ ഡിജെ മുറിയായിരുന്നു ലഹരി ഉപഭോഗക്താക്കൾക്കായി ഇവർ ഒരുക്കിയിരുന്നതെന്നു പോലീസ് പറഞ്ഞു.
കാതടപ്പിക്കുന്ന ഡിജെ സംഗീതവും ഡിസ്കോ ലൈറ്റുകളും ന്യൂജെൻ പെയിന്റിംഗുകളും ഈ മുറിയിൽ ഒരുക്കിയിരുന്നു. മുറി സൗണ്ട് പ്രൂഫ് ആക്കിരുന്നതിനാൽ അയൽ വീട്ടുകാർക്കൊന്നും ഇവിടെ നടക്കുന്ന സംഭവങ്ങൾ ഒന്നും അറിയില്ലായിരുന്നു. ലഹരി മോഹികൾക്കായി വിവിധതരം ലഹരി മരുന്നുകൾ അടങ്ങിയ രണ്ടു ദിവസത്തെ പാക്കേജ് ആയിരുന്നു ഇവർ പ്രധാനമായി നടത്തിയിരുന്നത്. പാക്കേജുകൾക്കു 25,000 രൂപ വരെ ഇവർ ഈടാക്കിയിരുന്നു.
ഷാഡോ എസ്ഐ ഫൈസൽ, മരട് അഡീഷണൽ എസ്ഐ ശേഖരപിള്ള, തൃക്കാക്കര എസ്ഐ ഷാജു, സിപിഒമാരായ അഫ്സൽ, വിനോദ്, ജയരാജ്, സന്ദീപ്, സനോജ്, പ്രശാന്ത്, ഷൈമോൻ, സുനിൽ, രഞ്ജിത്ത്, ശ്യാം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.