പ്രശ്നമാകുമോ, ഫേസ്ബുക്ക് പൂട്ടുമോ എന്നു ചിന്തിക്കുന്ന കുറച്ചുപേരെങ്കിലുമുണ്ട്. അതുനേരിട്ട വിശ്വാസപ്രതിസന്ധി അത്രയ്ക്കു ഗൗരവമുള്ളതാണ്. വിവരങ്ങൾ ചോർന്നുപോകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ പലരും ഫേസ്ബുക്കിൽനിന്നു പിൻവാങ്ങുന്നുമുണ്ട്. എന്റെ എന്തു വിവരം വേണമെങ്കിലും എടുത്തോട്ടെ എന്നു പറയുന്ന ധൈര്യവാന്മാരും, ഫേസ്ബുക്ക് പൂട്ടിയാൽ ഞാൻ അതുപോലെ വേറൊന്നുണ്ടാക്കും എന്നു പ്രഖ്യാപിച്ച ശുഭാപ്തിവിശ്വാസക്കാരുമുണ്ട്. എന്തായാലും ഫേസ്ബുക്ക് ജീവിതവും ഫേസ്ബുക്ക് ഇല്ലാത്ത ജീവിതവും തമ്മിൽ വലിയ അന്തരമുണ്ടാകും- കുറച്ചുകാലത്തേക്കെങ്കിലും.
ഏതാണ്ടു പത്തുകൊല്ലമായിക്കാണും നമ്മുടെയിടയിൽ ഫേസ്ബുക്ക് സജീവമായിട്ട്. പത്തുകൊല്ലംമുന്പ് അക്കൗണ്ട് തുടങ്ങിയ ഒരാൾ എന്തുമാത്രം ഡാറ്റ അതിലേക്കു നൽകിക്കാണും! എഴുത്തും, സെൽഫിയടക്കമുള്ള ചിത്രങ്ങളുമായി പോസ്റ്റുകളുടെ ഒരു കൂന്പാരംതന്നെയുണ്ടാകും. സേവനം നിർത്തുകയാണെന്ന് ഒരുനാൾ ഫേസ്ബുക്ക് പ്രഖ്യാപിച്ചാൽ ആ ഡാറ്റയുടെ അവസ്ഥയെന്താകും? അങ്ങനെ പൂട്ടിപ്പോകില്ല എന്നു പ്രതീക്ഷിച്ചുകൊണ്ടുതന്നെ ഒരു മുൻകരുതൽ എടുക്കുന്നത് എന്തായാലും നന്നാകും.
ഇന്റർനെറ്റ് സർവീസുകൾ നിർത്തുന്പോൾ ഉപയോക്താക്കളുടെ ഡാറ്റ തിരിച്ചെടുക്കാൻ നിശ്ചിത സമയപരിധി വയ്ക്കാറുണ്ട്. മുൻകൂട്ടി അറിയിപ്പുതന്നാണ് സാധാരണ അങ്ങനെ ചെയ്യാറുള്ളത്. ഫേസ്ബുക്കിൽ നമ്മൾ അപ്ലോഡ് ചെയ്തിട്ടുള്ള ഡാറ്റയുടെ കോപ്പി ഡൗണ്‍ലോഡ് ചെയ്തെടുക്കാനുള്ള സൗകര്യം ഇപ്പോൾതന്നെയുണ്ട്. അക്കൗണ്ടിൽ ലോഗ്ഇൻ ചെയ്താൽ സെറ്റിംഗ്സ് പേജിൽ പോയി ആർക്കൈവ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. ബാക്കി നിർദേശങ്ങൾ ഫേസ്ബുക്ക് തന്നുകൊള്ളും.
റിക്വസ്റ്റ് നൽകിയാൽ ഫേസ്ബുക്ക് രണ്ട് ഇ-മെയിലുകൾ അയയ്ക്കും. ഒന്നാമത്തേത് ആർക്കൈവ് ഡൗണ്‍ലോഡ് ചെയ്യാനുള്ള റിക്വസ്റ്റ് കിട്ടി എന്നു സ്ഥിരീകരിക്കുന്നതാകും. രണ്ടാമത്തേതിലാണ് നിങ്ങളുടെ ഫയൽ തയാറായാൽ അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ഉണ്ടാകുക. ഫയലിന്റെ വലിപ്പത്തിനനുസരിച്ച് അതു തയാറാക്കാൻ എടുക്കുന്ന സമയത്തിലും മാറ്റംവരാം. ഒരുപക്ഷേ ഫേസ്ബുക്ക് സേവനം നിർത്തിയാൽ കുറച്ചു വർഷങ്ങൾക്കുശേഷം ഓർമകൾ അയവിറക്കാനുള്ള ഉപാധിയാകും ആ ഫയൽ എന്നുറപ്പ്. -വി.ആർ