തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ മടവൂരില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ രാജേഷുമായി ബന്ധമുണ്ടായിരുന്ന യുവതിയെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യും. ഖത്തറിലുള്ള ആലപ്പുഴ സ്വദേശിനിയായ നൃത്താധ്യാപികയുമായുള്ള സൗഹൃദമാണ് രാജേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചതായാണ് സൂചന. രാജേഷുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആക്രമിക്കപ്പെടുമ്പോള്‍ രാജേഷ് ഇവരുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
രാജേഷുമായുള്ള സൗഹൃദത്തിന്റെ പേരില്‍ യുവതിയുടെ ദാമ്പത്യബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ക്വൊട്ടേഷന്‍ നല്‍കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഖത്തറില്‍ വ്യവസായിയാണ്. രാജേഷിനെ കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതിയെ ഫോണില്‍ വിളിച്ചാണ് പോലീസ് മൊഴിയെടുത്തത്. അതിനിടെ യുവതിയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. മടവൂരില്‍ മെട്രാസ് എന്ന പേരില്‍ രാജേഷ് റെക്കോര്‍ഡിങ് സ്റ്റുഡിയോ നടത്തിയിരുന്നു. ഈ സ്റ്റുഡിയോ തുടങ്ങുന്നതിന് യുവതി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
സ്റ്റുഡിയോയ്ക്ക് യുവതിയുടെ പേരിനോട് സാമ്യമുള്ള പേരാണിട്ടത്. രാത്രി കാലങ്ങളില്‍ യുവതിയുമായി രാജേഷ് ഫോണ്‍വഴി ബന്ധപ്പെട്ടിരുന്നതും ഈ സ്റ്റുഡിയോയില്‍ ഇരുന്നാണ്. അതിനാല്‍ തന്നെ രാത്രിയില്‍ രാജേഷ് സ്റ്റുഡിയോയില്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ചാണ് ക്വൊട്ടേഷന്‍ സംഘം എത്തിയത്. ചെന്നൈയിലെ സ്കൂളില്‍ സംഗീതാധ്യാപകനായി ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് രാജേഷ് കൊല്ലപ്പെട്ടത്. ഖത്തറിലുള്ള യുവതി ഇടപെട്ടാണ് രാജേഷിന് ചെന്നൈയില്‍ ജോലി വാങ്ങിക്കൊടുത്തത്. രാജേഷിനെ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള നീക്കമായിരുന്നു ഇതിന് പിന്നില്‍. ഭര്‍ത്താവിന്റെ ക്വട്ടേഷന്‍ നീക്കം തിരിച്ചറിഞ്ഞതും യുവതിയെ ഈ നീക്കത്തിന് പ്രേരിപ്പിച്ചു. എന്നാല്‍ ചെന്നൈയ്ക്ക് പോകുന്നതിന് മുമ്പ് തന്നെ രാജേഷ് ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമായിരുന്നു.