നടന്‍ സുധീര്‍ കരമനയും നോക്കുകൂലിയ്ക്ക് ഇരയായി; സാധനങ്ങള്‍ ഇറക്കുന്നതിന്റെ നോക്കുകൂലിയായി വാങ്ങിച്ചത് 25000 രൂപ; ആദ്യം ആവശ്യപ്പെട്ടത് ഒരുലക്ഷം രൂപ

തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയുടെ വീടുപണിക്കെത്തിച്ച സാധനങ്ങള്‍ ഇറക്കുന്നതിനു നോക്കുകൂലി വാങ്ങിയെന്ന് പരാതി. വീട് പണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നത് യൂണിയന്‍കാര്‍ ചേര്‍ന്ന് തടഞ്ഞെന്നും 25,000 രൂപ വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ പോയെന്നും നടന്‍ പറഞ്ഞു. തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് സുധീറിന്റെ പുതിയ വീടു പണി നടക്കുന്ന സ്ഥലത്താണ് സംഭവം.

തൊടുപുഴയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ സംഭവസമയത്ത് താന്‍ സ്ഥലത്തില്ലായിരുന്നുവെന്നു പറഞ്ഞ അദ്ദേഹം മൂന്ന് യൂണിയനുകള്‍ ചേര്‍ന്നാണ് ഇത്രയും വലിയ തുക വാങ്ങിയതെന്നും പറഞ്ഞു. അതേസമയം, സാധനങ്ങള്‍ക്ക് ഇറക്കിയവര്‍ക്ക് 16,000 രൂപ മാത്രമാണ് കൊടുത്തതെന്നും നടന്‍ വ്യക്തമാക്കി.

യൂണിയന്‍കാരുടെ നടപടി ചോദ്യം ചെയ്തവര്‍ക്കു നേരെ അവര്‍ അസഭ്യവര്‍ഷം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യം മൂന്ന് യൂണിയന്‍കാരും ചേര്‍ന്ന് ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയാണെന്നും സുധീര്‍ കരമന കൂട്ടിച്ചേര്‍ത്തു.

 

Related posts