ആകാശ് തില്ലങ്കേരിയെ ജയിലില്‍ സന്ദര്‍ശിച്ചത്, അയാളുടെ പ്രതിശ്രുത വധു! നിയമവിധേയമായ സൗകര്യങ്ങള്‍ മാത്രമാണ് യുവതിക്ക് ചെയ്തത്; ജയില്‍ സൂപ്രണ്ട് ഡിജിപിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ സ്‌പെഷല്‍ സബ് ജയിലില്‍ സന്ദര്‍ശിച്ചതു പ്രതിശ്രുത വധുവാണെന്നു ജയില്‍ സൂപ്രണ്ട് എം.വി.രവീന്ദ്രന്റെ റിപ്പോര്‍ട്ട്.

നിയമവിധേയമായതും ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരത്തില്‍ പെട്ടതുമായ സൗകര്യങ്ങള്‍ മാത്രമാണു യുവതിക്ക് അനുവദിച്ചതെന്നും സിസിടിവി ദൃശ്യങ്ങള്‍ ഇതിനു തെളിവാണെന്നും ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയ്ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ അദ്ദേഹം വിവരിച്ചു. സ്‌പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ആകാശിനെ സന്ദര്‍ശിക്കാനെത്തിയ യുവതിക്കു ചട്ടവിരുദ്ധമായി സൗകര്യങ്ങള്‍ ചെയ്തു കൊടുത്തുവെന്നു കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ജയില്‍ ഡിജിപിക്കു പരാതി നല്‍കിയിരുന്നു.

തുടര്‍ന്നാണു സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയത്. ജയിലില്‍ സന്ദര്‍ശകര്‍ക്കു പ്രവേശനമില്ലാത്ത സ്ഥലത്ത്, യുവതിക്ക് ഈ മാസം ഒന്‍പത്, 13, 16 തീയതികളിലായി 12 മണിക്കൂറോളം ആകാശുമായി സ്വതന്ത്രമായി ഇടപഴകാന്‍ ജയില്‍ അധികൃതര്‍ അവസരം നല്‍കിയെന്നായിരുന്നു സുധാകരന്റെ പരാതി. അനുവദനീയമായ സമയത്ത്, തന്റെ ഓഫിസ് മുറിയിലാണു കൂടിക്കാഴ്ച അനുവദിച്ചതെന്നുംറിപ്പോര്‍ട്ടില്‍ പറയുന്നു.

 

Related posts