കളിക്കളത്തില്‍ സെഞ്ചുറികളുടെ കൂട്ടുകാരന്‍ എന്ന വിശേഷണം മാത്രമായിരുന്നില്ല സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന കളിക്കാരന് ഉണ്ടായിരുന്നത്. മാന്യനായ കളിക്കാരന്‍ എന്നുകൂടി അദ്ദേഹം അറിയപ്പെട്ടിരുന്നു. കളിക്കളത്തില്‍ നിന്നകന്നു നില്‍ക്കുമ്പോഴും ആ മര്യാദയും മാന്യതയും താന്‍ കൈവിട്ടിട്ടില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് പുതിയൊരു നടപടിയിലൂടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
രാജ്യസഭാംഗമായി കാലാവധി പൂര്‍ത്തിയാക്കിയ സച്ചിന്‍ തന്റെ ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്തു. സഭയിലെ ഹാജരും ഇടപെടലും കുറഞ്ഞതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നതിനിടെയാണു സച്ചിന്റെ ഈ തീരുമാനം.
ആറു വര്‍ഷത്തെ കാലയളവില്‍ ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ 90 ലക്ഷം രൂപയാണു സച്ചിനു ലഭിച്ചത്. ഈ തുക മുഴുവനും ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്തു. 2012 ഏപ്രിലിലാണു സച്ചിന്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടത്.
സച്ചിന്റെ പ്രവര്‍ത്തിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി രേഖപ്പെടുത്തി. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങാകാന്‍ ഈ തുക ഉപകരിക്കുമെന്നും വലിയൊരു മാതൃകയാണു സച്ചിന്റേതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അഭിപ്രായപ്പെട്ടു.