തിരുവനന്തപുരം: ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്കു പിഎസ്സി നടത്തിയ പരീക്ഷയുടെ പുതിയ റാങ്ക് പട്ടികയിൽ 32,573 പേർ. 13,768 പേർ പ്രാഥമിക പട്ടികയിലും 18,805 പേർ ഉപ പട്ടികയിലുമാണ് ഇടം നേടിയത്. പുതിയ റാങ്ക് പട്ടിക വന്നതോടെ പഴയ റാങ്ക് പട്ടിക അപ്രസക്തമായി.
പുതിയ പട്ടികയ്ക്ക് ഇന്നലെ ചേർന്ന പിഎസ്സി യോഗം അംഗീകാരം നൽകി. ഇടുക്കി ജില്ലയിലെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതു വൈകും. ജില്ലയിൽ നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണിത്. പുതിയ റാങ്ക് പട്ടികയ്ക്ക് ഏപ്രിൽ രണ്ടു മുതൽ മൂന്നു വർഷം പ്രാബല്യമുണ്ട്.
റാങ്ക് പട്ടികയലും ഉപ പട്ടികയിലും ഉൾപ്പെട്ട ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ എണ്ണം ചുവടെ:
(ഉപ പട്ടികകളിലെ ഉദ്യോഗാർഥികളുടെ എണ്ണം ബ്രാക്കറ്റിൽ). തിരുവനന്തപുരം- 1736 (1882), കൊല്ലം-978 (1350), പത്തനംതിട്ട-682 (1028), ആലപ്പുഴ-809 (1254), കോട്ടയം-794 (1238), എറണാകുളം-1216 (1819), തൃശൂർ-1534 (1919), മലപ്പുറം-1489 (1709), പാലക്കാട്-1214 (1626), കോഴിക്കോട് -1245 (2084), വയനാട്-481 (685), കണ്ണൂർ-994 (1277), കാസർഗോഡ്-596 (934).
2015 മാർച്ച് 31ന് നിലവിൽ വന്ന റാങ്ക് പട്ടികയാണ് കഴിഞ്ഞ ദിവസം റദ്ദായത്. ഇതിൽ 41,433 പേരാണ് ഉൾപ്പെട്ടിരുന്നത്. ഇതിൽ നിന്ന് ഇതുവരെ 10,050 പേർക്കു നിയമന ശിപാർശ നൽകി. ഈ പട്ടികയിൽ നിന്നു നികത്തുന്നതിനായി ആയിരത്തിലധികം ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ ഒഴിവുകളടക്കം നിയമന ശിപാർശ നടത്തുന്പോൾ റദ്ദായ റാങ്ക് പട്ടികയിൽനിന്നും ആകെ 11,100-ൽ അധികം പേർക്ക് നിയമന ശിപാർശ നൽകാൻ കഴിയുമെന്നാണ് പിഎസ്സി കണക്കുകൂട്ടുന്നത്.
മുൻ റാങ്ക് ലിസ്റ്റുകളെ അപേക്ഷിച്ച് ഏറ്റവും കുറവ് നിയമനം നടന്നതിനാൽ ഉദ്യോഗാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുൻ റാങ്ക് പട്ടികയിലുള്ളവർക്കായി പ്രതീക്ഷിത ഒഴിവുകൾ കൂടി കണക്കാക്കി 1691 സൂപ്പർ ന്യൂമറി തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിയത് ഈ പട്ടികയിലുള്ളവർക്കു തിരിച്ചടിയായി.
ഇക്കാരണത്താൽ മാസങ്ങൾ വൈകിയാണ് മാർച്ച് 31ന് അവസാനിച്ച റാങ്ക് പട്ടികയിൽ നിന്നു നിയമനം നടന്നത്. അതിനാൽ മൂന്നു വർഷത്തെ കാലാവധിയുടെ പ്രയോജനം ലഭിച്ചില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
ഉദ്യോഗാർഥികളുടെ പരാതിയെതുടർന്ന് ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ഇതു പ്രകാരം കഴിഞ്ഞ മാർച്ച് 17 മുതൽ 31 വരെ 1079 ഒഴിവുകൾ പിഎസ് സിയെ അറിയിച്ചിരുന്നു. പുതിയ ഒഴിവുകളിലേക്ക് അടുത്തയാഴ്ച മുതൽ നിയമന ശിപാർശ നൽകും.