മക്കള്‍ ഉപേക്ഷിച്ചതിനാല്‍ തെരുവില്‍ കഴിയുന്ന വയോധികയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ഹോം ഗാര്‍ഡിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. അഞ്ച് പെണ്‍കുട്ടികളുള്‍പ്പെടെ ഒമ്പത് കുട്ടികളുടെ മാതാവായ വൃദ്ധയ്ക്കാണ് ഗാര്‍ഡ് ഭക്ഷണം വാങ്ങി, വാരിക്കൊടുത്തത്.
കുകട്പള്ളി ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ആയ ബി ഗോപാലാണ് ആരോരുമില്ലാത്ത അമ്മയ്ക്ക് ഭക്ഷണം വാരിക്കൊടുത്തത്. തെലങ്കാന ഡിജിപിയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹര്‍ഷ ഭാര്‍ഗവിയാണ് ഇതിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
കുകട്പള്ളിയിലെ ജവഹര്‍ലാല്‍ നെഹ്റു ടെക്നിക്കല്‍ സര്‍വകലാശാലയുടെ അടുത്തുള്ള ഒരു ചായക്കടയ്ക്ക് സമീപം മൂന്നുദിവസമായി ഈ വയോധിക ഇരിക്കുന്നത് ഗോപാലിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീടാണ് മക്കള്‍ ഇവരെ ഉപേക്ഷിച്ചതാണെന്ന കാര്യം മനസ്സിലാകുന്നത്. തുടര്‍ന്ന് അവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ ഗോപാല്‍ തീരുമാനിക്കുകയായിരുന്നെന്ന് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
‘ആദ്യം അവര്‍ക്ക് ഒരു ചായ വാങ്ങിക്കൊടുത്തു. പിന്നീട് ഉച്ചഭക്ഷണം വാങ്ങിനല്‍കി. എന്നാല്‍ സ്വന്തം കൈ ഉപയോഗിച്ച് ഭക്ഷണം വാരിക്കഴിക്കാന് പോലും അവര്‍ക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഭക്ഷണം വാരിക്കൊടുത്തത്’-ഗോപാല്‍ ദ ഹിന്ദുവിനോട് പറഞ്ഞു. പിന്നീട് ഈ വയോധികയെ വൃദ്ധസദനത്തിലേക്ക് മാറ്റി. വഴിയരികില്‍ ഇരുന്ന് വഴിയാത്രക്കാരോട് ഭിക്ഷ യാചിച്ച് കിട്ടുന്നതുകൊണ്ടാണ് വൃദ്ധ കഴിഞ്ഞിരുന്നത്.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവര്‍ തീര്‍ത്തും അവശയായിരുന്നു, ആളുകള്‍ക്കുനേരെ കൈനീട്ടാന്‍ പോലും ആവാത്തവിധം. ഈയവസരത്തിലാണ് ആ രംഗം ഗോപാലിന്റെ ശ്രദ്ധയില്‍ പെടുന്നതും സഹായവുമായി അദ്ദേഹം എത്തുന്നതും.
മരിക്കാന്‍ കിടക്കുമ്പോള്‍ പോലും ഒരു തുള്ളി വെള്ളം നാവില്‍ ഇറ്റിച്ച് കൊടുക്കാന്‍ മടിക്കുന്ന ആളുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണിതെന്നതാണ് ഈ ചിത്രത്തെ വൈറലാക്കിയതെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്.