വടക്കഞ്ചേരി (പാലക്കാട്): പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ ബിജെപി നേതാവിനെ വീട്ടുമുറ്റത്തുവച്ച് വെട്ടി പരിക്കേൽപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണന്പ്ര, പുതുക്കോട് പഞ്ചായത്തുകളിൽ ഇന്നു ബിജെപി ഹർത്താൽ നടത്തുകയാണ്.ബിജെപി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും കളവപ്പാടം ഷീബ നിവാസിൽ ബാലകൃഷ്ണന്റെ മകനുമായ ഷിബു(38)വിനാണ് വെട്ടേറ്റത്. വലതുകൈയ്ക്കും വലതുകാലിനും ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 9.30നാണ് സംഭവം നടന്നത്. സമീപത്തെ മാര്യാപ്പാടത്തുനിന്നും വീട്ടിലേക്കു നടന്നുവന്നിരുന്ന ഷിബുവിനെ വീട്ടുമുറ്റത്തുവച്ചാണ് ഒന്പതോളം പേരടങ്ങുന്ന സംഘം ആക്രമിച്ചതെന്നു മംഗലം ഡാം പോലീസ് പറഞ്ഞു. സംഭവത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞമാസം നാലിന് വണ്ടാഴി മോസ്കോ മുക്കിൽ സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി ഓഫീസിൽ കയറി രണ്ടു ഡിവൈഎഫ്ഐ നേതാക്കളെ വെട്ടിപരിക്കേൽപ്പിച്ച സംഭവമുണ്ടായിരുന്നു. ഈ കേസിൽ അഞ്ച് ബിജെപി -ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റുചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് സംഭവത്തിനു കാരണമെന്നു സംശയിക്കുന്നു.
മംഗലംഡാം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്തു ശക്തമായ പോലീസ് പിക്കറ്റിംഗും ആരംഭിച്ചു. ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തതറിയാതെ ഇന്നുരാവിലെ വിവിധ സ്ഥലങ്ങളിലേക്കു പുറപ്പെട്ട നാട്ടുകാർ വഴിയിൽ കുടുങ്ങി. പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. വടക്കഞ്ചേരി എഎസ്പി വൈഭവ് സക്സേന, ആലത്തൂർ ഡിവൈഎസ്പി ഷംസുദീൻ, മംഗലംഡാം എസ്ഐ വർഗീസ് എന്നിവർ സ്ഥലം സന്ദർശിച്ചു. കേസന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.