സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന്റെ അനിശ്ചിതത്വം തൃശൂരിലെ ഹോട്ടലുകാർക്ക് കനത്ത തിരിച്ചടിയാകുന്നു. തൃശൂർ പൂരത്തോടനുബന്ധിച്ച് മുൻവർഷങ്ങളിൽ ഒന്നുരണ്ടു മാസം മുൻപുതന്നെ തൃശൂരിലെ ഹോട്ടലുകൾ, പ്രത്യേകിച്ച് സ്വരാജ് റൗണ്ടിനോടു ചേർന്നുള്ള ഹോട്ടലുകളിലെ റൂമുകളെല്ലാം ബുക്ക് ചെയ്ത് പോകാറുണ്ട്. എന്നാൽ ഇത്തവണ പൂരത്തിന് മൂന്നാഴ്ച മാത്രം അവശേഷിക്കുന്പോഴും തൃശൂരിലെ ഹോട്ടലുകളിൽ റൂമുകൾ ബാക്കിയാണ്. കാര്യമായ അഡ്വാൻസ് ബുക്കിംഗ് ഇത്തവണ നടന്നിട്ടില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു.
പൂരം വെടിക്കെട്ട് പതിവുപോലെ ഉണ്ടാകുമോ എന്ന കാര്യം ഇപ്പോഴും ആശയക്കുഴപ്പത്തിലും അനിശ്ചിതത്വിലുമായതിനാൽ ആളുകൾ ലോഡ്ജുകൾ നേരത്തെ ബുക്ക് ചെയ്യുന്നതിൽ നിന്ന് പിൻമാറിയിരിക്കുകയാണ്. തൃശൂർ പൂരം സീസണ് തൃശൂരിലെ വ്യാപാരസ്ഥാപനങ്ങൾക്കും ലോഡ്ജുകൾക്കും ഹോട്ടലുകൾക്കും നല്ല ബിസിനസ് കിട്ടുന്ന മാസങ്ങളാണെങ്കിലും ഇത്തവണ പൊതുവെ വ്യാപാരമാന്ദ്യം.
പൂരം വെടിക്കെട്ടിന്റെ അനിശ്ചിതത്വം ലോഡ്ജുകൾക്ക് തിരിച്ചടിയായിട്ടുണ്ടെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും വെടിക്കെട്ടിന്റെ കാര്യത്തിൽ അടിയന്തിരമായി വ്യക്തതയുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശികളടക്കമുള്ളവരെ തൃശൂരിലേക്ക് ആകർഷിക്കുന്നതിൽ തൃശൂർ പൂരത്തിനും വെടിക്കെട്ടിനും പ്രധാന പങ്കുണ്ട്. കടുത്ത നിബന്ധനകൾക്ക് വിധേയമായി ശബ്ദതീവ്രത കുറച്ചും വെടിക്കെട്ട് കാണാൻ നിയന്ത്രണം ഏർപ്പടുത്തിയും പൂരം വെടിക്കെട്ട് നടത്തുന്പോൾ വെടിക്കെട്ട് ആസ്വദിക്കാനെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എക്സ്പ്ലോസീവ് വിഭാഗത്തിന്റെയും പോലീസിന്റെയുമൊക്കെ കടുത്ത നിബന്ധനകൾക്ക് വിധേയമായി പൂരം വെടിക്കെട്ട്് നടത്തേണ്ടി വരുന്പോൾ മുൻകാല പ്രൗഢിയും ശബ്ദഗാംഭീര്യവും പൂരം വെടിക്കെട്ടിനുണ്ടാവില്ലെന്ന കാര്യത്തിൽ തർക്കമില്ല. സ്വരാജ് റൗണ്ടിലേക്ക് ആളുകളെ കയറ്റി നിർത്തുന്നതിലുള്ള നിയന്ത്രണം കൂടിയാകുന്പോൾ പൂരം വെടിക്കെട്ട് കാണാനെത്തുന്നവരുടെ എണ്ണത്തിൽ കുറവുവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.