പാലക്കാട്: ചോദ്യപേപ്പർ ചോർന്നതിനാൽ സിബിഎസ്ഇ പരീക്ഷ മാറ്റിവച്ചതു മൂലം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എം.ബി.രാജേഷ്.എംപി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർക്ക് കത്തയച്ചു.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഇന്ത്യയൊട്ടാകെയും വിദേശത്തെയും പരീക്ഷകൾ മാറ്റി വച്ചതോടെ അവധിക്കാല യാത്രകൾ തീരുമാനിച്ചിരുന്നവർക്ക് യാത്ര മാറ്റി വക്കേണ്ടി വന്നതു മൂലമുണ്ടായ സാന്പത്തിക നഷ്ടവും സമയ നഷ്ടവും ഏറെയാണ്. മുൻകൂട്ടി ബുക്ക് ചെയ്ത ട്രെയിൻ-വിമാന ടിക്കറ്റുകൾ റദ്ദ് ചെയ്യുന്പോഴുണ്ടാവുന്ന നഷ്ടവും പുതുതായി ടിക്കറ്റുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ടുകളും പരിഗണിച്ച് ഉചിതമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും എംപി കത്തിലൂടെ ആവശ്യപ്പെട്ടു.