താമരശേരി: കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷല്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലന്‍സ് പിടിയിലായി. കോഴിക്കോട് ജില്ലയിലെ രാരോത്ത് സ്പെഷൽ വില്ലേജ് ഓഫീസർ ബഷീര്‍, ഫീല്‍ഡ് അസിസ്റ്റന്റ് രാകേഷ് എന്നിവരെയാണു വിജിലന്‍സ് ഡിവൈഎസ്പി സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ചുങ്കത്തെ മൂന്ന് ക്വാറികൾക്കു പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനു ജിയോളജി ആൻഡ് മൈനിംഗ് വകുപ്പില്‍ നല്‍കാനായി താമരശേരി സ്വദേശിയായ ശിവകുമാര്‍ 2017ല്‍ തന്റെ രണ്ട് സ്ഥലത്തിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. എന്നാൽ, അപേക്ഷ സ്പെഷൽ വില്ലേജ് ഓഫീസര്‍ മാറ്റിവയ്ക്കുകയും പല കാരണങ്ങള്‍ പറഞ്ഞ് നിരസിക്കുകയുമായിരുന്നു. മൂന്ന് ക്വാറികളുടെ സര്‍ട്ടിഫിക്കറ്റിന് 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് സ്ഥലമുടമ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. വിധിയുടെ അടിസ്ഥാനത്തില്‍ രണ്ടാമതും അപേക്ഷ നല്‍കിയെങ്കിലും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 15 ലക്ഷം നല്‍കണമെന്ന് സ്പെഷല്‍ വില്ലേജ് ഓഫീസര്‍ വീണ്ടും ആവശ്യപ്പെട്ടു.
ക്വാറി പ്രവര്‍ത്തനം തുടങ്ങിയാൽ വിവിധ കാരണങ്ങള്‍ കാണിച്ച് പ്രവർത്തനം നിർത്തുന്നതിനുള്ള സ്റ്റോപ്പ് മെമോ തരാൻ അധികാരമുള്ളതിനാൽ, പ്രതിമാസം ഒരു നിശ്ചിത തുക തരണമെന്നു സ്പെഷൽ വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടതായും ഉടമ വിജിലന്‍സിനെ അറിയിച്ചു.ആവശ്യപ്പെട്ട തുകയുടെ ആദ്യഗഡു എന്ന നിലയിൽ ഇന്നലെ 50,000 രൂപ വിജിലൻസ് നിർദേശപ്രകാരം കൈമാറി.
സ്പെഷൽ വില്ലേജ് ഓഫീസർ ബഷീർ വാങ്ങിയ ഈ പണം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് രാകേഷ് അലമാരയിൽ വച്ചു. തത്സമയം അവിടെയെത്തിയ വിജിലൻസ് സംഘം അലമാരയില്‍നിന്ന് പണം കണ്ടെടുക്കുകയായിരുന്നു. ബഷീറിന്റെ കോടഞ്ചേരിയിലുള്ള ഫര്‍ണിച്ചര്‍ ഷോപ്പിലും വിജിലന്‍സ് റെയ്ഡ് നടത്തി.