കോട്ടയം: പാന്പാടി ക്രോസ്റോഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒന്പതാം ക്ലാസ് വിദ്യാർഥിയും വാഴൂർ 14-ാം മൈൽ പൊടിപാറയിൽ ഈപ്പൻ വർഗീസിന്റെ മകനുമായ ബിന്റോ(14) ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പോലീസ് ഇന്ന് ന്യൂനപക്ഷ കമ്മീഷനു റിപ്പോർട്ട് നല്കും.കോട്ടയം കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് നല്കാനാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
ബിന്റോയുടെ മരണം സംബന്ധിച്ച് മാധ്യമങ്ങളിലെ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്ത ശേഷമാണ് ജില്ലാ പോലീസ് ചീഫിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടത്. പോലീസ് ചീഫിന്റെ റിപ്പോർട്ടിൻമേൽ അനന്തര നടപടി സ്വീകരിക്കുമെന്നു കമ്മീഷൻ അംഗം ബിന്ദു എം. തോമസ് അറിയിച്ചു.
അതേ സമയം പള്ളിക്കത്തോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണ്. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് ബിന്റോ മരിക്കാനിടയാക്കിയതെന്ന് പിതാവ് ഈപ്പൻ വർഗീസ് പോലീസിന് മൊഴി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിന്റോയുടെ സഹപാഠികളിൽ നിന്ന് പോലീസ് മൊഴിയെടുക്കുന്നുണ്ട്. ഇക്കാര്യത്തിൽ സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.