യു.ആർ. മനു
മാവേലിക്കര: ബിജെപി-ബിഡിജെഎസ് പ്രശ്നം പരിഹാരത്തിലേക്ക്. ബിജെപിയും എൻഡിഎയും തങ്ങളോട് അവഗണന കാണിക്കുന്നു എന്ന ആരോപണം നേരത്തെ നിലനിന്ന സാഹചര്യത്തിൽ ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർഥിയോട് ബിഡിജഐസ് നിസഹകരണം പ്രഖ്യാപിച്ചിരുന്നു.
ഇതേ തുടർന്ന് എൻഡിഎയുടെ സഖ്യകക്ഷിയായ ബിഡിജഐസിന് അർഹമായ പദവികൾ ലഭിച്ചേക്കുമെന്ന് സൂചന. ഇതിനായി ബിഡിജഐസിന്റ മീഡിയേറ്ററായി മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ആശ്രമ മഠാധിപതിയുടെ ഒപ്പം ഇപ്പോൾ രാജ്യസഭ അംഗമായ വി.മുരളീധരനും, ബിജെപി കേന്ദ്ര നേതൃത്വവുമായിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ഉടൻ തന്നെ ഏഴോളം പേരുടെ ലിസ്റ്റുകൾ പ്രഖ്യാപിക്കും. ബിഡിജഐസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ, ബിഡിജഐസ് സംസ്ഥാന വൈസ് പ്രസിഡന്റ് പത്മകുമാർ പത്തനംതിട്ട ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ, കെപിഎംഎസ് സംസ്ഥാന രക്ഷാധികാരിയും ബിഡിജഐസ് ജനറൽ സെക്രട്ടറിയുമായ റ്റി.വി.ബാബു, ട്രഷറാർ ഏ.ജി.തങ്കപ്പൻ എന്നിവർ സ്പൈസസ് ബോർഡ് അംഗം, ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായി ബിഡിജഐസ് വനിതാ സെൽ സംസ്ഥാന സെക്രട്ടറി സംഗീതാ വിശ്വനാഥൻ , സംസ്ഥാന സെക്രട്ടറിമാരായ പ്രവീണ് ഇടുക്കി, രാജേഷ് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഏഴോളം പദവികൾ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് ബിജെപി കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിയുന്നു.
ബിഡിജെസിൽ സ്ഥാനമാനങ്ങൾ നൽകേണ്ട 14 ഓളം പേരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും , ഇത്തരത്തിൽ എൻഡിഎയിലെ ഘടകകക്ഷികളോട് പദവികൾ ലഭിക്കേണ്ടവരുടെ ലിസ്റ്റ് തേടിയിട്ടുണ്ടെന്നും സൂചനയുണ്ട്. കേരളാ കോണ്ഗ്രസ് പി.സി.തോമസ് വിഭാഗത്തിനേയും കൂടെ നിർത്തിയിട്ടുണ്ട്. ഘടകകക്ഷികൾക്ക് ഉചിതമായ സ്ഥാനമാനങ്ങൾ നൽകുവാനായി ചർച്ചകൾ നടത്തുവാനുള്ള സമയപരിധിക്കു വേണ്ടിയാണ് തെരഞ്ഞെടുപ്പ് തീയതി നീട്ടുന്നതെന്ന ആക്ഷേപവും ശക്തമായി ഉയർന്നിട്ടുണ്ട്.