ചവറ: മാലിന്യം നിറഞ്ഞ് കിടന്ന കായൽ വൃത്തിയാക്കി കായൽ സംരക്ഷണ സേന. പന്മന പോരൂക്കര വട്ടക്കായലിലെ മാലിന്യങ്ങളാണ് വാർഡംഗം കറുകത്തല ഇസ്മയിൽ, സന്തോഷ് തുപ്പാശേരി, താജ് പോരൂക്കര എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രദേശത്തെ ജനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയത്.
കായൽ സംരക്ഷണത്തിന്റെ ആദ്യ ഘട്ടമായി സ്ത്രീകൾ ഉൾപ്പെടെ നാൽപതോളം പേരടങ്ങുന്ന സംഘമാണ് നാലര മണിക്കൂർ കൊണ്ട് കായലിൽ അടിഞ്ഞ് കിടന്ന കുപ്പികളും മറ്റ് മാലിന്യങ്ങളും എടുത്ത് മാറ്റിയത്. പ്രകൃതി സൗന്ദര്യത്തിന്റെ മനോഹരകാഴ്ചകളാണ് ഇവിടെ നിന്നാൽ കാണാൻ കഴിയുന്നത്.
സർക്കാരിന്റെ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട വാട്ടക്കായലിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ വിനോദ കേന്ദ്രമാക്കാനുളള ശ്രമത്തിലാണ് ഒരു പ്രദേശം. ഇതിന്റെ പ്രാരംഭ ഘട്ട നടപടകൾ പൂർത്തിയായി വരികയാണ്. ഇതുമായി ബന്ധപ്പെട്ടാണ് ഇവിടുത്തെ ജനങ്ങൾ ഒന്നിച്ച് കായൽ വൃത്തിയാക്കാൻ ഇറങ്ങിത്തിരിച്ചത്.
ഇതിന്റെ രണ്ടാം ഘട്ടം കുറേക്കൂടി വിപുലപ്പെടുത്തി എൻ.വിജയൻപിളള എംഎൽഎയുടെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ സേനയുടെ പ്രവർത്തനം വിപുലപ്പെടുത്തുമെന്ന് കറുകത്തല ഇസ്മയിൽ പറഞ്ഞു.
വട്ടക്കായൽ വൃത്തിയാക്കി രണ്ട് മാസത്തിനുളളിൽ വിനോദ വകുപ്പിന്റെ ബോട്ട് സർവീസ് ഉൾപ്പെടെ ആരംഭിക്കാനുളള പ്രവർത്തനത്തിലാണ് പഞ്ചായത്തംഗവും കൂട്ടരും.