വാളയാർ: പതിനാറു വയസുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സംഘടിച്ചെത്തിയ നാട്ടുകാർ, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതു തടഞ്ഞതോടെ പ്രദേശത്ത് നേരിയ സംഘർഷമുണ്ടായിരുന്നു.
കോഴിപ്പാറ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയും കനാൽപ്പിരിവ് ഉപ്പുക്കുഴിയിൽ പരേതനായ രാജേന്ദ്രന്റെ മകളുമായ സുരഭിയാണ് മരിച്ചത്. വാളയാർ എസ്ഐ പി.എം. ലിബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബന്ധുക്കളും നാട്ടുകാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഏറെനേരം കഴിഞ്ഞ് മൃതദേഹം താഴെയിറക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ദുരൂഹത അന്വേഷിക്കാമെന്നു പോലീസ് ഉറപ്പുനൽകിയിരുന്നു.
മരണവിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ചിലർ പൊലീസെത്തും മുന്‍പേ മൃതദേഹം താഴെയിറക്കാൻ ശ്രമിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വാളയാർ എസ്ഐ പി.എം. ലിബി അറിയിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടായാലേ കൂടുതൽ വിവരങ്ങൾ അറിവാകൂ എന്നും പോലീസ് പറഞ്ഞു. കഴിഞ്ഞവർഷം വാളയാറിൽ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികൾ തൂങ്ങിമരിച്ചതിന്റെ ദുരൂഹതയും കോളിളക്കവും ഇനിയും നീങ്ങിയിട്ടില്ല. ഇതിനുപുറമെയാണ് പ്രദേശത്തു സമാനമായ മറ്റൊരു മരണംകൂടി നടന്നത്. ു