മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി ഡിസിപ്ലിനിറി ഐസിയുവിനു സമീപത്തെ വാർഡ് അധികൃതരുടെ അനാസ്ഥ മൂലം തുരുന്പെടുത്ത് നശിക്കുന്നു. പണിപൂർത്തിയായിട്ടും തുറന്നുകൊടുക്കാത്ത വാർഡാണ് തുരുന്പെടുക്കുന്നത്. 2015ൽ 14.97 കോടി രൂപ ചെലവഴിച്ച് ആയി രണ്ട് ഐസി യൂണിറ്റുകൾ ആശുപത്രിയിൽ തുറന്നിരുന്നു.
ഐസിയുവിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് ഇതോടനുബന്ധിച്ച് മറ്റൊരു വാർഡ് നിർമിച്ചത്. തീവ്രപരിചരണ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അൽപം രോഗശമനം ഉണ്ടായാൽ ഇവരെ ഇത്തരം വാർഡിലേക്ക് മാറ്റി അടിയന്തര പ്രാധാന്യമുള്ള മറ്റു രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കാം എന്നതായിരുന്നു ലക്ഷ്യം. ലക്ഷങ്ങൾ ചെലവഴിച്ചായിരുന്നു വാർഡ് നിർമാണം. എന്നാൽ പണി പൂർത്തിയായി മൂന്നു വർഷം പിന്നിട്ടിട്ടും വാർഡ് തുറന്നുകൊടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
സ്ഥല സൗകര്യവും ആവശ്യമായ ഉപകരണങ്ങളും ഉണ്ടായിട്ടും ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് വാർഡ് തുറക്കാതിരിക്കുന്നത്. ആധുനിക സൗകര്യമുള്ള 30 കട്ടിലും ബെഡുകളും ട്രോളികളും മറ്റു ഫർണിച്ചറുകളുമടക്കം നശിച്ചുപോകുന്ന അവസ്ഥയാണ് നിലവിൽ. ക്ലസ് മുറി, ഡോകടേഴ്സ് മുറി, നഴ്സിംഗ് സ്റ്റേഷൻ, സോറ്റാർമുറി എന്നിവയും വാർഡിലുണ്ട്. ആക്രി സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ് ഇവയെല്ലാം.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരേസമയം ആയിരത്തോളം കിടപ്പുരോഗികളെ പ്രവശിപ്പിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാൽ മൂവായിരത്തിലധികം കിടപ്പുരോഗികളാണ് ആശുപത്രിയിൽ ചികിത്സ തേടിയെടുത്തുന്നത്. ഇതോടെ ഭൂരിഭാഗം രോഗികൾക്കും ബെഡ് കിട്ടാതെ നിലത്തു കിടക്കേണ്ട സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിൽ വാർഡ് തുറന്നു നൽകിയാൽ അത് രോഗികൾക്ക് വലിയ ആശ്വാസമാവും ഉണ്ടാക്കുക.