ഒറ്റപ്പാലം: അഗ്നിരക്ഷാ യൂണിറ്റ് തുടങ്ങുന്നതിനു കിൻഫ്ര പാർക്കിൽ സ്ഥലം കണ്ടെത്തിയെങ്കിലും വ്യവസായവകുപ്പ് അനുമതി നല്കുന്നില്ലെന്നു പരാതി. എട്ട് വർഷംമുന്പ് ഫയർസ്റ്റേഷനു അനുമതി ലഭിച്ചെങ്കിലും സ്ഥലം കണ്ടെത്താനായിരുന്നില്ല. പാലപ്പുറത്ത് കിൻഫ്ര പാർക്കിലാണ് നിലവിൽ സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ വ്യവസായവകുപ്പ് അനുമതി നല്കാത്തത് പ്രശ്നം സങ്കീർണമാക്കുന്നു.സംസ്ഥാന ബജറ്റിൽ ഒറ്റപ്പാലത്ത് യൂണിറ്റ് തുടങ്ങാൻ ്അനുമതി നല്കിയെങ്കിലും സ്ഥലമെടുത്തു നല്കേണ്ടത് ഒറ്റപ്പാലം നഗരസഭയാണ്. സർക്കാർ ഇക്കാര്യം ചുമതലപ്പെടുത്തിയെങ്കിലും സ്ഥലം ഏറ്റെടുത്തു നല്കാൻ നഗരസഭയ്ക്കായിരുന്നില്ല.ജില്ലാ അഗ്നിരക്ഷാസേനയ്ക്കും ഷൊർണൂർ അഗ്നിശമന സേനാവിഭാഗത്തിനും സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല.
ഏറ്റവുമൊടുവിലാണ് കിൻഫ്രയിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെത്തിയത്.തുടർന്നു സ്ഥലപരിശോധന നടത്തി അനുയോജ്യമാണെന്നു കണ്ടെത്തുകയുമായിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് ബന്ധപ്പെട്ടവർ സർക്കാരിനു സമർപ്പിച്ചു. വ്യവസായവകുപ്പ് അനുകൂലമായ തീരുമാനമെടുത്താൽ മാത്രമേ പദ്ധതി പ്രാബല്യത്തിൽ വരൂ.
എന്നാൽ ഇതുവരെയും ഇവർ തീരുമാനമെടുക്കാത്ത സ്ഥിതിയാണ്. വ്യവസായവകുപ്പിനു ഇക്കാര്യത്തിൽ താത്പര്യമില്ലെന്നാണ് സൂചന. ഇതിനിടെ മീറ്റ്ന, കയറംപാറ എന്നിവിടങ്ങളിൽ കൂടി സ്ഥലം കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്.ഒറ്റപ്പാലം മേഖലയിൽ തീപിടിത്തവും അപകടങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ വളരെ പെട്ടെന്നു സ്ഥലംകണ്ടെത്താനുള്ള നീക്കം പി.ഉണ്ണി എംഎൽഎ സജീവമാക്കി.
ഷൊർണൂർ അഗ്നിരക്ഷാ യൂണിറ്റിന്റെ ജോലിഭാരം കുറയ്ക്കാനും ഒറ്റപ്പാലത്ത് പുതിയ യൂണിറ്റ് വരുന്നതോടെ സാധിക്കും. ഇപ്പോൾ നാലുനഗരസഭകളും 23 പഞ്ചായത്തുകളുമാണ് ഷൊർണൂർ സേനയ്ക്കുകീഴിൽ വരുന്നതെങ്കിലും അപകടമുണ്ടാകുന്പോൾ തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലേക്കുകൂടി ഇവർ പോകേണ്ട സാഹചര്യമുണ്ട്.
പട്ടാന്പി, ഒറ്റപ്പാലം എന്നിവിടങ്ങളിലേക്കും പുതിയ യൂണിറ്റു വരുന്നതോടെ ഉൾപ്രദേശങ്ങളിലും മറ്റും അപകടമുണ്ടാകുന്പോൾ പെട്ടെന്ന് എത്താനുമാകും. ഒറ്റപ്പാലം അനങ്ങൻമലയിൽ തീപിടിത്തം പതിവാണ്. ഒറ്റപ്പാലത്ത് യൂണിറ്റ് വരുന്നതോടെ ഇതിനെല്ലാം വേഗത്തിൽ പ്രശ്നപരിഹാരമാകും. ഷൊർണൂർ അഗ്്നിരക്ഷാ സേനയ്ക്കും ഇതു ആശ്വാസകരമാകും. ജനപ്രതിനിധികളുടെ കാര്യക്ഷമമായ ഇടപെടലുണ്ടാകുന്നതോടെ കിൻഫ്രയിൽ തന്നെ ഫയർസ്റ്റേഷൻ സജ്ജമാക്കാനാകുമെന്ന കാര്യം ഉറപ്പാണ്.