പെരിന്തൽമണ്ണ: മയക്കുഗുളികകൾ പിടികൂടിയ സംഭവത്തിലെ മുഖ്യകണ്ണികളെ പിടികൂടാനായില്ല. വിദേശത്ത് ലക്ഷം രൂപ വില മതിക്കുന്ന 43,000ത്തോളം മയക്കുമരുന്നു ഗുളികകൾ പെരിന്തൽമണ്ണയിൽ പിടികൂടിയ കേസിലെ മുഖ്യപ്രതികളെ പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽതപ്പുകയാണ്.
കഴിഞ്ഞയാഴ്ചയാണ് മലപ്പുറം പൊന്മള പട്ടർകടവിൽ അബ്ദുൽജലീൽ (44), വണ്ടൂർ പൂങ്ങോട് മുബാറക്ക് എന്നിവരെ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നു ഗുളികയും ഇതു സംബന്ധിച്ച് പോലീസിന് ലഭിച്ച രേഖകളും കോഴിക്കോട് നിന്നെത്തിയ നാഷണൽ ക്രൈം ബ്യൂറോ ഉദ്യോഗസ്ഥരും മലപ്പുറത്തെ ഡ്രഗ്സ് വകുപ്പ് അധികൃതരും പരിശോധിച്ചു.
ഇല്ലാത്ത കന്പനിയുടെ പേരിലാണ്് ഗുളിക നിർമാണമെന്നും ലേബളുകളിൽ കാണുന്ന കന്പനിയുടെ പേര് വ്യാജമാണെന്നും വിശദമായ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗുളിക ഉപയോഗിക്കുന്നവർക്ക് തലച്ചോറിനെ ബാധിക്കുന്ന മാരക രോഗം പിടിപെടുകയും ബോധക്ഷയം വരുമെന്നുമാണ് വിദഗ്ധാഭിപ്രായം.
ഇന്ത്യയിൽ പ്രധാന നഗരങ്ങളിലെ നിശാപാർട്ടികൾക്കും ഡിജെ പാർട്ടികൾക്കും വ്യാപകമായിരുന്ന മയക്കുഗുളികകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വിൽപ്പന കൂടിവരികയാണെന്നാണ് സൂചന. പ്രധാനപ്രതികളെ പിടികൂടാനുള്ള തീവ്രശ്രമം നടക്കുന്നുണ്ടെന്നും പോലീസ് അധികൃതർ അറിയിച്ചു.