കോഴിക്കോട്: കുണ്ടു പറമ്പ് എരഞ്ഞിക്കല്‍ റോഡിലെ കൈപുറത്തുപാലത്തിന് സമീപത്തുള്ള പൊതുശ്മശാനത്തില്‍ സാമൂഹികവിരുദ്ധരുടെ വിളയാട്ടം. മുപ്പത് വര്‍ഷം പഴക്കമുള്ള ഈ ശ്മശാനപറമ്പില് കുറച്ചുകാലങ്ങളായി സംസ്കാരങ്ങള്‍ നടക്കാറില്ല. കാട് പിടിച്ച് കിടക്കുന്ന ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മദ്യവും കഞ്ചാവ് മയക്കുമരുന്നും തുടങ്ങി എല്ലാ തരത്തിലുള്ള ലഹരി വസ്തുക്കളും ഇവിടെ ഉപയോഗിക്കാറുണ്ട്.അനാശ്യാസപ്രവര്ത്തനങ്ങളും നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
സമീപത്ത് ആള്താമസമില്ലാത്തതാണ് ഇവര്‍ക്ക് തണലാകുന്നത്. ഈ ശ്മാശനത്തില്‍ ആകെ പത്തോളം സംസ്കാരങ്ങള്‍ മാത്രമാണ് നടത്തിയത്. ശ്മശാനത്തിന്റെ അശാസത്രീയമായ നിര്‍മാണം കാരണം മൃതദേഹം ദഹിപ്പിക്കാനാരംഭിച്ചാല് പ്രദേശം മുഴുവൻ പുക നിറയുമെന്നും ശ്മശാനത്തിന്റെ ചൂളം ശരിയല്ലാത്തതാണ് അമിതമായി പുക പുറത്തുപോകാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
ഈ അശാസത്രീയത കാരണം ദഹിപ്പിക്കുമ്പോള്‍ മുകള്‍ ഭാഗത്ത് മാത്രമാണ് തീപ്പിടിക്കുന്നത്. ആള്‍താമസമില്ലാത്ത സ്ഥലമായതിനാല്‍ നാട്ടില്‍നിന്നും പിടികൂടുന്ന പാമ്പുകളെയും മറ്റും ഇവടെയാണ് കൊണ്ട് വിടാറെന്നും പ്രദേശവാസിയായ പത്മനാഭന് രാഷ്ട്രദീപികയോട് പറഞ്ഞു.
പാമ്പുകളുടെ ശല്യവും കുമിഞ്ഞ് കൂടുന്ന മാലിന്യകൂമ്പാരവും കാരണം ആളുകള്‍ ഇതുവഴി നടക്കാന്‍ മടിക്കുന്നു. കനാലില്‍നിന്ന് മീന്പിടിക്കാനെന്നപേരില് വരുന്നവരില്‍ പലരും മദ്യകുപ്പികളും മത്സ്യം പാചകം ചെയ്യാനുള്ള സാമഗ്രികളുമായാണ് വരുന്നത്. സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം സഹിക്കെട്ട നാട്ടുകാര്‍ ഇത്തരക്കാരെ കൈയ്യോടെ പിടികൂടിയാല്‍ ‘നന്നായി ഒന്ന് പെരുമാറും’ എന്നൊരു മുന്നറിയിപ്പ് ബോര്‍ഡ് ശ്മശാനത്തിനു മുന്നിലെ മരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഈ ശ്മാശനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രവര്‍ത്തന രഹിതമായ കെട്ടിടവും സമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ച കെട്ടിടത്തില്‍ ഇപ്പോള്‍ കുടുംബശ്രീ യൂണിറ്റിനായുള്ള പ്രോജക്ടുകളാണ് വരുന്നണ്ട്. ഇതിനായി ഈ വര്‍ഷത്തെ ബജറ്റില്‍ തുക മാറ്റിവച്ചിട്ടുണ്ടെന്ന് കോര്പറേഷന് നാലാം ഡിവിഷന് കൗണ്‍സിലര്‍ ഹാജറ പറഞ്ഞു.
ഇതോടൊപ്പം സര്‍ക്കാര്‍ പദ്ധതിയായ തീര്‍ഥം കുടിവെള്ള പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളും കോമ്പൗണ്ടില്‍ നടക്കുന്നുണ്ട്. നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് കെട്ടിടത്തില്‍ ഇപ്പോള്‍ നവീകരണ പ്രവര്‍ത്തികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. കെട്ടിത്തിന്റെ രണ്ടാം നിലയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്.
വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ നിന്ന് കഞ്ചാവും സിറിഞ്ചുകളും പലതവണ കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെയും കോര്‍പറേഷന്റെയും അനാസ്ഥയാണ് ഇവിടം സാമൂഹികവിരുദ്ധരുടെ കേന്ദ്രമാക്കിമാറ്റുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. വൈകുന്നേരങ്ങളില്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതുവഴി സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. എലത്തൂര്‍ പഞ്ചായത്തിന്റെ കീഴിലായിരുന്ന ഈ കെട്ടിടം എലത്തൂര്‍ പഞ്ചായത്ത് കോര്‍പറേഷനിലേക്ക് കൂട്ടിച്ചേര്ത്തതോടെനഗരസഭയുടെ കീഴിലാണ്.