മുംബൈ: അഖിലേന്ത്യാ അണ്ടർ 23 വനിത ട്വന്റി-20 ലീഗ് കിരീടം കേരളത്തിന്. ദേശീയ തലത്തിൽ പുരുഷ-വനിതാ വിഭാഗത്തിൽ കേരളം നേടുന്ന ആദ്യ കിരീടമാണിത്. ഫൈനലിൽ ശക്തരായ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തോൽപിച്ചാണ് കേരള വനിതകൾ കിരീടം ചൂടിയത്.
ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര മുന്നോട്ടുവച്ച 115 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ കേരളം മറികടന്നു. സ്കോർ: മഹാരാഷ്ട്ര 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 114. കേരളം 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115.
ദേശീയ തലത്തിൽ കേരള വനിത ടീമിന്റെ ആദ്യ കിരീട നേട്ടമാണിത്. ഗ്രൂപ്പ് ഘട്ടം മുതൽ തോൽവിയറിയാതെ തുടർച്ചയായ എട്ട് ജയങ്ങളോടെയാണ് കേരളം ഫൈനലിലെത്തിയത്. സെമിയിൽ ശക്തരായ മുംബൈയെയാണ് കേരള വനിതകൾ കീഴടക്കിയത്.
മഹാരാഷ്ട്രയുടെ ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റിൽ നാലും റണ്ണൗട്ട് ആയിരുന്നു. എം.ആർ. മാഗ്രേ (33 റണ്‍സ്), ടി.എസ്. ഹസാബനിസ് (24 റണ്‍സ്), പ്രിയങ്ക സുഭാഷ് ഗോഡ്കെ (24 റണ്‍സ്) എന്നിവർ മഹാരാഷ്ട്രയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കേരളത്തിനായി ജിലു ജോർജ് (22 റണ്‍സ്), എ. അക്ഷയ (37 റണ്‍സ്), എസ്. സജന (24 നോട്ടൗട്ട്), ഐ.വി. ദൃശ്യ (16 നോട്ടൗട്ട്) എന്നിവരാണ് തിളങ്ങിയത്.
സൂപ്പർ ലീഗിൽ ഗ്രൂപ്പ് ബിയിൽ ഒന്നാമതായാണ് കേരളം ഫൈനലിലെത്തിയത്. ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷൻ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.