വിഴിഞ്ഞം: അഞ്ച് ദിവസമായി തുടരുന്ന നാവിക സേനയുടെ തിരച്ചിൽ ഇന്ന് വൈകുന്നേരം അവസാനിക്കും.ചികിത്സയ്ക്കായി എത്തി കാണാതായ ലിത്വേ നിയ സ്വദേശി ലിഗക്കായി കടലിൽ നടത്തിയ തിരച്ചിലും വിഫലമായി .
കാണാതായ ലിഗയെത്തേടിയെത്തി അക്രമം അഴിച്ച് വിട്ട് കേരളപ്പോലിസിന് തലവേദനയായ ഭർത്താവിനെ ഇന്ന് പുലർച്ചെ അധികൃതർ നാട്ടിലേക്ക് വിമാനം കയറ്റി വിട്ടു. ചൊവ്വരയിലെ റിസോർട്ടിൽ അക്രമം നടത്തിനയതിന് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ആൻഡ്രൂസിനെ ഇന്ന് പുലർച്ചെ നാലരയ്ക്ക് ദുബൈ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിഴിഞ്ഞം സി.ഐ ഷിബുവിന്റെ നേതൃത്വത്തിൽ നാട്ടിലേക്ക് പറഞ്ഞയച്ചു.
മടങ്ങാനായി ഇയാളുടെ മാതാവ് എംബസി മുഖാന്തിരം വിമാന ടിക്കറ്റ് എടുത്ത യച്ചിരുന്നു.ഇതിനിടയിൽ ലിഗയെ കണ്ടെത്തുന്നതിനുള്ള അവസാനവട്ട തെരച്ചിൽ നാവികസേനയിലെ മുങ്ങൽ വിദഗ്ദർ രാവിലെ തന്നെ ആരംഭിച്ചു. കോവളത്തെ എല്ലാ ബീച്ചുകളും വിഴിഞ്ഞം മേഖലയും പാറയിടുക്കുകളും അരിച്ച് പെറുക്കുന്ന സംഘം വൈകുന്നേരത്തോടെ ദൗത്യം അവസാനിപ്പിക്കും .
കഴിഞ്ഞ മാസം 14 ന് പോത്തൻകോട്ടുള്ള ആയൂർവേദ ആശുപത്രിയിൽ നിന്ന് കാണാതായ ലിഗയെ കര മുഴുവനും പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ യുവതിയെ എത്രയും പെട്ടെന്ന് കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി ബന്ധുക്കൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കടൽപ്പരിശോധനക്കായി സർക്കാർ നാവികസേനയുടെ സഹായം തേടി.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുതൽ കൊച്ചിയിൽ നിന്നുള്ള നാവിക സേനയുടെ ആറംഗ മുങ്ങൽ വിദഗ്ധർ ആധുനിക സംവിധാനങ്ങളുമായി കോവളത്തെത്തി പരിശോധന ആരംഭിച്ചു.ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ലിഗ ഓട്ടോയിൽ കോവളം ബീച്ചിൽ എത്തിയിരുന്നു. അവിടെ നിന്ന് എങ്ങോട്ട് പോയെന്ന വിവരം ഇതുവരെയും അധികൃതർക്ക് കിട്ടിയിട്ടില്ല .
വിഷാദ രോഗത്തിനടിമയായ ലിഗഏതെങ്കിലും വിധം കടലിൽ വീണിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് നാവിക സേനയെ രംഗത്തിറക്കിയത്.