കൊച്ചി/പള്ളുരുത്തി: വെണ്ടുരുത്തി പുതിയ പാലത്തിൽ മണ്ണുമാന്തി കപ്പലിടിച്ചതിനെ തുടർന്നു പാലത്തിനു കേടുപാടുകൾ സംഭവിച്ചോ എന്നറിയാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നു പരിശോധന നടത്തും.പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനകൾ നടത്തുക.
കായലിൽ ഡ്രെഡ്ജിംഗ് ജോലി ചെയ്തുകൊണ്ടിരുന്ന “ത്രിദേവ് പ്രേം’ എന്ന മണ്ണുമാന്തി കപ്പലാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പാലത്തിലിടിച്ചത്. എൻജിൻ തകരാറിനെ തുടർന്നു നിയന്ത്രണം വിട്ട് ഒഴുകിവന്ന കപ്പൽ പാലത്തിന്റെ ഏഴാമത്തെ തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൂണിന്റെ കോണ്ക്രീറ്റ് ഇളകി.
നാവികസേനയ്ക്കു വേണ്ടി കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നതാണു മണ്ണുമാന്തി കപ്പൽ. നിയന്ത്രണം വിട്ടൊഴുകിയ കപ്പലിൽ വടം ഉപയോഗിച്ച് ടഗ്ഗുകൾ കെട്ടിവലിച്ചെങ്കിലും വടം പൊട്ടി പാലത്തിൽ ഇടിക്കുകയായിരുന്നു. സംഭവത്തിനുശേഷം നാവികസേനയുടെ ടഗ്ഗുകൾ തന്നെ മണ്ണുമാന്തി കപ്പൽ വലിച്ചുനീക്കുകയായിരുന്നു.
പരിശോധനകൾക്കുശേഷം മാത്രമേ പാലത്തിനു ഏതെങ്കിലും തരത്തിൽ കേടുപാടുകൾ സംഭവിച്ചോയെന്നു പറയാൻ സാധിക്കൂവെന്നു പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കി. 2013 ൽ മുംബൈയിൽനിന്നുള്ള ഭഗവതി പ്രേം എന്ന മണ്ണുമാന്തി കപ്പൽ വെണ്ടുരുത്തി പാലത്തിലിടിച്ച് അപകടം സംഭവിച്ചിരുന്നു.
തുറമുഖത്ത് ആഴം കൂട്ടുന്നതിന്റെ ഭാഗമായി കപ്പൽ മണ്ണു നീക്കം ചെയ്യുന്പോഴായിരുന്നു അന്നത്തെ അപകടം. അപകടത്തിൽ അന്നു പാലത്തിനു ബലക്ഷയം സംഭവിച്ചതായി പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിരുന്നു.