ആലപ്പുഴ: ജഡ്ജിയുടെ കാറിൽ സ്വകാര്യ ബസ് ഇടിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഡ്രൈവറെ റിമാൻഡ് ചെയ്തു. അന്പലപ്പുഴ പള്ളിമുക്ക് കാട്ടുപുറം വെളിയിൽ ഷജീറിനെയാണ് ഇന്നലെ വൈകുന്നേരം ആലപ്പുഴ കോടതി റിമാൻഡ് ചെയ്തത്. ഇന്നലെ രാവിലെ ഒന്പതോടെ ഇന്ദിരാ ജംഗ്ഷനിലായിരുന്നു അപകടം.
ആലപ്പുഴ എംഎസിടി കോടതി ജഡ്ജിയും സബ് ജഡ്ജിയും സഞ്ചരിച്ചിരുന്ന കാറിൽ മണ്ണഞ്ചേരിയിൽ നിന്ന് ഇരട്ടക്കുങ്ങരയിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അശ്രദ്ധമായെത്തിയ ബസ് കാറിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്താണ് തട്ടിയത്. അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്കില്ല.
വിവരമറിഞ്ഞെത്തിയ നോർത്ത്പോലീസ് ജീവനക്കാരെയും ബസും കസ്റ്റഡിയിലെടുത്തു. അപകടമുണ്ടായതിനുശേഷം അസ്വാഭാവികരീതിയിൽ ഡ്രൈവർ പെരുമാറിയത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മയക്കുമരുന്ന് കഴിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
മനപൂർവം അപകടമുണ്ടാക്കിയതിനും ജഡ്ജിയുടെ ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നഗരത്തിൽ സ്വകാര്യബസുകളുടെ അശ്രദ്ധയോടെയും അമിത വേഗതയോടെയുമുള്ള പാച്ചിൽ മറ്റ് വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പരാതികൾ വ്യാപകമാകുന്പോഴും നടപടികൾ സ്വീകരിക്കേണ്ട അധികൃതർ അലസമനോഭാവമാണ് കാട്ടുന്നതെന്ന ആക്ഷേപം വ്യാപകമാണ്.