മംഗലംഡാം: മൂലങ്കോട് കവളപ്പാടത്ത് ബിജെപി നേതാവ് ഷിബുവിനെ (38) വെട്ടിപരിക്കേല്പിച്ച കേസിൽ വ്യാജ പ്രതികളെ ഹാജരാക്കാൻ നീക്കം നടക്കുന്നതായി സൂചന. കഴിഞ്ഞദിവസം ഇത്തരത്തിൽ ഏതാനുംപേരെ പോലീസിൽ ഹാജരാക്കാൻ കൊണ്ടുവന്നെങ്കിലും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ശ്രമം തടഞ്ഞു.
പ്രതികളെ തരംതിരിക്കുന്നതിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരിൽ കടുത്ത സമ്മർദം ഉണ്ടാകുന്നതായും സൂചനയുണ്ട്. അതിനിടെ ഏതാനും പ്രദേശവാസികളുടെ സഹായത്തോടെ അക്രമത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമാണോയെന്നും വിലയിരുത്തുന്നുണ്ട്.ഷിബുവിന്റെ വീടും ചുറ്റുപ്പാടും അറിയാവുന്ന പ്രദേശവാസികളുടെ സഹായമില്ലാതെ ക്വട്ടേഷൻ സംഘത്തിനു കൃത്യം ചെയ്യാനാകില്ലെന്ന നിഗമനവും സംശയങ്ങൾ ബലപ്പെടുത്തുന്നു.
യാതൊരു പ്രകോപനവുമില്ലാതെ ഷിബുവിനു നേരെയുണ്ടായ ആക്രമണം എന്തിനായിരുന്നുവെന്നതിന് ഉത്തരം കണ്ടെത്താൻ പോലീസിനും കഴിയുന്നില്ല. അക്രമത്തിനു പിന്നിലെ ഗൂഢാലോചനയും കണ്ടെത്തേണ്ടിവരും.അതേസമയം തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിബുവിനെ ഇന്നലെ രാത്രി എറണാകുളത്തെ അമൃത ആശുപത്രിയിലേക്കു മാറ്റി.
ഷിബുവിന്റെ നില ഗുരുതരമായി തുടരുകയാണ്. അവയവങ്ങളുടെ പ്രവർത്തനം തൃപ്തികരമല്ലെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മാര്യപ്പാടത്തുനിന്നും വീട്ടിലേക്കു നടന്നുവരുന്നതിനിടെ വീട്ടുമുറ്റത്ത് പതിയിരുന്ന ആക്രമിസംഘം ഷിബുവിനെ വെട്ടി മാരകമായി മുറിവേല്പിച്ചത്. വലതുകാലിലും വലതുകൈയുടെ ഷോൾഡറിലുമാണ് ആഴത്തിൽ വെട്ടേറ്റത്.
ആളെ കൊല്ലാതെ കൈകാലുകൾ വെട്ടി ജീവച്്ഛവമായി ഉപേക്ഷിക്കുകയായിരുന്നു അക്രമിസംഘത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നത്.
ഇതിനാൽ അക്രമിസംഘത്തിൽ ഇത്തരം കൃത്യങ്ങളിൽ വൈദഗ്ധ്യം നേടിയവർ ഉണ്ടാകുമെന്ന സംശയവും ഉയരുന്നുണ്ട്. കേസ് സംബന്ധിച്ച് ശരിയായ അന്വേഷണം വേണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. യഥാർഥ പ്രതികളേയും ഇതിലെ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണം. ഡമ്മി പ്രതികളെ കാട്ടി കേസ് അട്ടിമറിക്കാനുള്ള നീക്കമുണ്ടായാൽ മറ്റുവഴികൾ തേടുമെന്നും നേതാക്കൾ പറഞ്ഞു.