പത്തനാപുരം: പത്തനാപുരം പാടത്ത് സ്കൂൾ ജീവനക്കാരി തനൂജയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ തനൂജയെന്ന പേരിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചു.
പാടം ജംഗ്ഷനിൽ ഇന്നലെ നൂറു കണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രദേശ വാസികൾ പ്രതിഷേധ യോഗവും പ്രകടനവും സംഘടിപ്പിച്ചു. കഴിഞ്ഞ മാസം 28 നാണ് കഴുത്തിൽ ഇലക്ട്രിക് വയർ കുരുങ്ങി പാലക്കുന്നിൽ ഉഴത്തിൽ വീട്ടിൽ ദിലീപ് കുമാറിന്റെ ഭാര്യ തനൂജയെ (42 ) വീടിനുള്ളിൽ മരിച്ച നിലയിൽ കാണുന്നത്. തനൂജയുടെ മക്കളാണ് മരിച്ച നിലയിൽ ആദ്യം കണ്ടത്.
മൃതദേഹം കാണുന്നതിന് പത്തു മിനിറ്റ് മുന്പാണ് ദിലീപ് ജോലിക്കായി പോയത്. കഴുത്തിൽ വയർ കുരുങ്ങിയിരുന്നെങ്കിലും ആത്മഹത്യ ചെയ്തതായുള്ള അടയാളങ്ങൾ കണ്ടെത്തിയിരുന്നില്ല. തൂങ്ങി മരിച്ചതായി ആദ്യം പ്രചരണം ഉണ്ടായെങ്കിലും പിന്നീട് ഇലക്ട്രിക് ഷോക്കേറ്റ് എന്നായി. എന്നാൽ തനൂജ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.
തനൂജയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുമ്പോഴും പോലീസ് ശരിയായ അന്വേഷണം നടത്തുന്നില്ലെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുന്നതായും ആക്ഷേപമുണ്ട്. കോട്ടയം മെഡിക്കൽ കേളേജിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ആത്മഹത്യയെന്ന് എഴുതിത്തള്ളിയ പോലീസ് ബന്ധുക്കളും നാട്ടുകാരും സംഘടിച്ചതോടെ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് തനൂജയൂടെ ബന്ധുക്കൾ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നുമാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.