വടകര: മോർഫിംഗ് കേസിൽ പിടിയിലായ പ്രധാന പ്രതി ചീക്കോന്ന് വെസ്റ്റ് കൈവേലിക്കൽ ബിബീഷ് പകർത്തിയത് പരിചയക്കാരായ സ്ത്രീകളുടെ ചിത്രങ്ങൾ. വർഷങ്ങളോളം ചോറോട് പഞ്ചായത്തിലെ വൈക്കിലശേരിയിൽ താമസിച്ച ബിബീഷ് ഇവിടങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ ഫോട്ടോകൾ അശ്ലീലചിത്രവുമായി ചേർത്ത് മോർഫ് ചെയ്യുകയായിരുന്നു.
ഫെയ്സ്ബുക്കിൽ നിന്നു ശേഖരിച്ച ചിത്രങ്ങൾ മോർഫ് ചെയ്ത ശേഷം കണ്ട് ആസ്വദിക്കുകയും പിന്നീട് വ്യാജ ഐഡി ഉപയോഗിച്ച് മെസഞ്ചർ മുഖാന്തിരം സ്ത്രീകൾക്ക് തന്നെ അയച്ചുകൊടുക്കുകയും ചെയ്തെന്നാണ് പറയുന്നത്. രണ്ടു വർഷം മുന്പ് തന്നെ ഇയാൾ ചിത്രം മോർഫ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം ഉടമ സതീശന് അറിയാമായിരുന്നുവെന്നും പുറമേരിയിൽ സ്വന്തമായി സ്റ്റുഡിയോ തുടങ്ങിയതിലെ വിരോധം കൊണ്ട് ഉടമ ചിത്രങ്ങൾ പുറംലോകത്ത് എത്തിച്ചെന്നുമാണ് ബബീഷിന്റെ മൊഴി.
മോർഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തിനെ കാണിച്ചപ്പോൾ അതിലൊന്ന് സുഹൃത്തിന്റെ ഭാര്യയായിരുന്നുവെന്നും ഇതോടെയാണ് വിവരം പുറത്തായതെന്നും പറയുന്നു. ആറു മാസം മുന്പ് തന്നെ സംഭവം വിവാദമായപ്പോൾ സർവകക്ഷി സംഘം ചിത്രങ്ങൾ കാണുകയും ഉടമയിൽ നിന്ന് ഹാർഡ് ഡിസ്ക് വാങ്ങിവെക്കുകയും ചെയ്തിരുന്നു.
ഇത് പിന്നീട് പോലീസിനു കൈമാറി. ഹാർഡ് ഡിസ്കിൽ നാൽപതിനായിരത്തിലേറെ ചിത്രങ്ങളുണ്ടെന്നാണ് കേട്ടതെങ്കിലും അത് ഇപ്പോൾ രണ്ടായിരമായി കുറഞ്ഞിരിക്കുകയാണ്.പരിചയക്കാരുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്ന് കോപ്പി ചെയ്തതാണെന്ന പ്രതിയുടെ മൊഴി നാട്ടുകാർ വിശ്വാസത്തിലെടുക്കുന്നില്ല. വീഡിയോ എഡറ്ററായ ബിബീഷ് കല്യാണ വീഡിയോയിൽ നിന്നു തന്നെയാണ് ചിത്രം പകർത്തിയിരിക്കുന്നതെന്ന് ചിത്രം കണ്ടവർ പറയുന്നു.
ഫേസ്ബുക്കിൽ നിന്നു ശേഖരിച്ചുവെന്നു പറയുന്നത് മറ്റുപലരേയും രക്ഷിക്കാൻ വേണ്ടിയാണെന്ന സംശയം ഉയർന്നിട്ടുണ്ട്. ചിത്രങ്ങൾ അശ്ലീല വീഡിയോയിൽ ചേർത്തില്ലെന്നും വെറും നിശ്ചലചിത്രങ്ങൾ മാത്രമാണെന്നും പറയുന്നു. രണ്ടു വർഷം മുന്പ് മോർഫ് ചെയ്തെന്ന് പറയുന്ന പ്രതി ഇത്രയും കാലം ഇതേ മോർഫ് ചെയ്തിട്ടുള്ളൂവെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നൽകിയില്ല.