മാഹി: പടക്കവുമായി എത്തിയ ലോറി വൈദ്യുതി ലൈനിൽ തട്ടി. ഒഴിവായത് വൻ ദുരന്തം. തമിഴ്നാട് ശിവകാശിയിൽ നിന്നും മാഹി മൂലക്കടവിലേക്ക് പടക്കവുമായി എത്തിയ ലോറിയുടെ മുകൾ ഭാഗം 11 കെ.വി ലൈനിൽ തട്ടി ലൈനുകൾ ഉരസി താഴ്ന്ന നിലയിലുമായി. സമീപത്ത് 3 പെട്രോൾ പമ്പുകളും പ്രവർത്തിക്കുന്നുണ്ട്.
സംഭവം നടക്കുന്പോൾ കറണ്ട് കട്ടായതിനാൽ വൻ ദുരന്ത മാണ് ഒഴിവായത്. വിഷു ഉത്സവത്തിന്റെ ഭാഗമായി പന്തക്കലിൽ പ്രവർത്തിക്കുന്ന പടക്കക്കടകളിലേക്ക് ലോഡുമായി എത്തിയതായിരുന്നു ലോറി. സംഭവത്തെ തുടർന്ന് മൂലക്കടവ് ഭാഗം ദീർഘനേരം ഇരുട്ടിലുമായി. ലോറി പിന്നീട് പന്തക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.
മാഹി മേഖലയിൽ പള്ളൂർ ഭാഗങ്ങളിൽ ലൈനുകൾ താഴ്ന്ന നിലയിലായിട്ട് ദീർഘകാലമായി . ചില ഇടവഴികളിലെ ലൈനുകൾ കാൽനടയാത്രക്കാർ കുട ചൂടിയാൽ ലൈനിൽ തട്ടും വിധത്തിലാണ്. മൂലക്കടവ് ഭാഗത്ത് ലോഡുമായി എത്തുന്ന ലോറികൾ വൈദ്യുതി ലൈനിൽ കുടുങ്ങുന്നത് നിത്യസംഭവമായിരിക്കുകയാണ്.
ശക്തമായ പൊട്ടലും, തീപ്പൊരിയും വാഹനങ്ങൾ ലൈനിൽ തട്ടുമ്പോൾ അനുഭവപ്പെടുന്നു മുണ്ട്. ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതും വണ്ടികൾ വൈദ്യുതി തൂണുകളിൽ ഇടിക്കുന്നത് പതിവാണ്. തൂണുകൾ പലതും റോഡ് പണികഴിഞ്ഞപ്പോൾ അരികിൽ നിന്ന് തള്ളി നിൽക്കുകയാണ്. വൈദ്യുതി തൂണുകളുടെ നിലയും പരിതാപകരമാണ്. അടിഭാഗം ദ്രവിച്ച നിലയിലാണ് മിക്ക തൂണുകളും. മഴ തുടങ്ങുന്നതിനു മുൻപ് ഇതെല്ലാം ശരിയാക്കിയില്ലെങ്കിൽ വൻ ദുരന്തം മാഹിയിൽ നടക്കുമെന്ന് നാട്ടുകാർ കണക്ക് കൂട്ടുന്നു.