ആലപ്പുഴ: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കുട്ടനാട്ടിൽ നടത്തിയ മിന്നൽ പരിശോധന അനധികൃതമായി റസ്റ്റോറന്റിൽ കള്ളുവില്പന നടത്തിയത് കണ്ടെത്തി. പുളിങ്കുന്ന് ഡി ബ്ലോക്കിൽ പടിഞ്ഞാറേ മൂലക്ക് പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിൽ നിന്നുമാണ് അനധികൃതമായി വില്പന നടത്തി വന്ന 10 ലിറ്റർ കള്ള് കണ്ടെടുത്തത്്. സംഭവവുമായി ബന്ധപ്പെട്ട് കാവാലം ചെറുകര കൊച്ചുപറന്പ് വീട്ടിൽ ആഷ്ലി ചന്ദ്രനെ പ്രതിയാക്കി കേസ് എടുത്തു.
പ്രദേശത്തെ റസ്റ്റോറന്റുകളിൽ ടൂറിസ്റ്റുകൾക്ക് ഇത്തരത്തിൽ അനധികൃതമായി കള്ള് വില്പന നടത്തുന്നതായി പരാതി ഉയർന്നിരുന്നു. ഇയാൾ ദിവസങ്ങളായി എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. റസ്റ്റോറന്റിന്റെ മറവിൽ കള്ള്ഷാപ്പ് പോലെയാണ് പ്രവർത്തിച്ച് വന്നിരുന്നത് ആഷ്ലിയെ ചോദ്യം ചെയ്തതിൽ നിന്ന് ഇത്തരത്തിൽ 10 ലിറ്ററോളം കള്ള് കച്ചവടം നടത്തിയതായും മൊഴി നൽകിയിട്ടുണ്ട്.
വില്പന നടത്തിയ ഇനത്തിൽ ഇയാളുടെ പക്കൽ നിന്നും 1450 രൂപയും പിടികൂടി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.റോബർട്ട്, എക്സൈസ് ഇൻസ്പെക്ടർ അജിറ്റ്കുമാർ, പ്രിവന്റീവ് ഓഫീസർ കുഞ്ഞുമോൻ, ദിലീപ്,സജിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രവികുമാർ എക്സൈസ് ഡ്രൈവർ വിപിന ചന്ദ്രൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.