കൊച്ചി: ചരിത്രത്തിലാദ്യമായി ദേശീയ ക്രിക്കറ്റ് ടൂർണമെന്റിൽ ചാന്പ്യൻമാരായ കേരള അണ്ടർ 23 വനിതാ ക്രിക്കറ്റ് ടീമിന് ജൻമനാടിന്റെ ഊഷ്മള വരവേൽപ്പ്. മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന ദേശീയ ട്വന്റി 20 ടൂർണമെന്റിലാണ് കേരളം ജേതാക്കളായത്.
ഇന്നലെ നെടുന്പാശേരിയിൽ വിമാനമിറങ്ങിയ ടീമിനു കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. തുടർന്ന് ടീം അംഗങ്ങൾ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തി മാധ്യമങ്ങളെ കണ്ടു.
കൂട്ടായ പരിശ്രമമാണ് വിജയത്തിന് പിന്നിലെ രഹസ്യമെന്നാണു ക്യാപ്റ്റൻ എസ്. സജന വ്യക്തമാക്കി. പരിശീലകന്റെയും മറ്റു സപ്പോർട്ടിംഗ് സ്റ്റാഫിന്റെയും കെസിഎയുടെയും പിന്തുണ ടീമിന്റെ പ്രകടനത്തിൽ നിർണായകമായി. വിജയത്തിൽ ആശംസ അറിയിച്ചു മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയ നിമിഷമാണ് ഏറെ പ്രിയപ്പെട്ടതെന്നും നായിക പ്രതികരിച്ചു.
ഒരുകൂട്ടം പ്രതിഭാശാലികളായ കളിക്കാരുടെ മികച്ച പ്രകടനമാണു കിരീടം സ്വന്തമാക്കാൻ കേരളത്തെ സഹായിച്ചതെന്നു പരിശീലക സുമൻ ശർമ്മ പറഞ്ഞു.
സംസ്ഥാന ക്രിക്കറ്റിന് അഭിമാനകരമായ നേട്ടമാണ് പെണ്കുട്ടികളിലൂടെ സാധ്യമായതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജയേഷ് ജോർജ് ചൂണ്ടിക്കാട്ടി. ഏറെ ഉയരങ്ങളിലേക്കുള്ള കേരള ക്രിക്കറ്റിന്റെ ചവിട്ടു പടിയാണ് ഈ വിജയമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ അഭിപ്രായപ്പെട്ടു.
കെസിഎ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ ടീമിന് സമ്മാനിച്ചു. കെസിഎ വൈസ് പ്രസിഡന്റ് നാസർ മച്ചാൻ, എഡ്വിൻ ജോസഫ് എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ ക്രിക്കറ്റിലെ ശക്തരായ മഹാരാഷ്ട്രയെ കെട്ടുകെട്ടിച്ചാണു കേരളം ചാന്പ്യൻമാരായത്.