കൊച്ചി: കുന്പളത്തു വീപ്പയ്ക്കുള്ളിൽനിന്നു ഉദയംപേരൂർ സ്വദേശിനി ശകുന്തളയുടെ അസ്ഥികൂടം ലഭിച്ച കേസിൽ പോലീസിന്റെ അന്വേഷണത്തിനു വീണ്ടും തടസം. ശകുന്തളയുടെ മകൾ അശ്വതി നുണ പരിശോധനയ്ക്കു തയാറല്ലെന്നു കോടതിയെ അറിയിച്ചതാണ് ഇപ്പോൾ അന്വേഷണ സംഘത്തിനു തലവേദനയായത്. പോലീസിനോട് ആദ്യം നുണ പരിശോധനയ്ക്കു തയാറാണെന്നു പറഞ്ഞ അശ്വതി കോടതിയിൽ എത്തിയപ്പോൾ അഭിഭാഷകൻ മുഖേന നിലപാട് മാറ്റുകയായിരുന്നു.
മുഖ്യപ്രതിയെന്നു പോലീസ് പറയുന്ന അശ്വതിയുടെ കാമുകൻ സജിത്തിലേക്ക് എത്താനുള്ള വഴിയാണു ഇതോടെ അടഞ്ഞത്. ശകുന്തളയുടെ മൃതദേഹം ലഭിച്ചതിന്റെ അടുത്ത ദിവസം സജിത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ സജിത്ത് ആത്മഹത്യ ചെയ്തതാകാമെന്ന നിലപാടാണ് പോലീസിനുള്ളത്.
അശ്വതി നുണ പരിശോധനയ്ക്കു വിധേയയാക്കി ദൂരൂഹതകളുടെ ചുരുളഴിക്കാമെന്നാണ് പോലീസ് കരുതിയത്. പ്രശ്നത്തിൽ വീണ്ടും ആലോചിച്ച ശേഷം നിലപാട് അറിയിക്കാൻ കോടതി അശ്വതിയുടെ അഭിഭാഷകനു നിർദേശം നൽകിയിട്ടുണ്ട്.
അശ്വതി നുണ പരിശോധനയ്ക്കു തയാറായില്ലെങ്കിൽ കൂടുതൽ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിച്ച് മുന്നോട്ടു പോകുമെന്ന് എറണാകുളം സൗത്ത് സിഐ സിബി ടോം രാഷ്ട്രദീപിയോട് പറഞ്ഞു. അശ്വതിയുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടതോടെയാണ് നുണ പരിശോധനയുടെ സാധ്യതകൾ തേടിയത്.
ചോദ്യം ചെയ്യാൻ ഇനി ആരും ബാക്കിയില്ല. എങ്കിലും അന്വേഷണത്തിനിടയിൽ കണ്ടെത്തിയ ചില കാര്യങ്ങളുടെ വെളിച്ചത്തിൽ മുന്നോട്ടു പോകാനുള്ള ശ്രമമാണു പോലീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജനുവരി ഏഴിനു കുന്പളം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറന്പിൽ ഉപേക്ഷിച്ച നിലയിലാണു വീപ്പ കണ്ടെത്തിയത്. വീപ്പയിൽനിന്നു ലഭിച്ച മൃതദേഹം സ്ത്രീയുടെതാണെന്നു പരിശോധനയിൽ തെളിഞ്ഞിരുന്നു. കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തി കോണ്ക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം.
അൽപവസ്ത്രം ധരിച്ചിരുന്ന മൃതദേഹത്തോടൊപ്പം മൂന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇടത് കണങ്കാലിൽ ശസ്ത്രക്രിയ നടത്തി സ്റ്റീൽ കന്പിയിട്ടിട്ടുള്ളതായി കണ്ടെത്തി. വർഷങ്ങൾക്കു മുൻപ് അപകടത്തിൽ പരിക്കേറ്റ ഇത്തരം ശസ്ത്രക്രിയ നടത്തിയവരെ സംബന്ധിച്ചു നടത്തിയ അന്വേഷണമാണ് ശകുന്തളിയിലേക്കെത്തിച്ചത്.
മകൾ അശ്വതിയുടെ ഡിഎൻഎയുമായി അസ്ഥികൂടത്തിനു പൊരുത്തമുണ്ടെന്നു കണ്ടെത്തിയതോടെ അന്വേഷണ സംഘം ശകുന്തളയാണു മരിച്ചതെന്ന് ഉറപ്പു വരുത്തി.