വടകര: സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ അണിയറനീക്കമെന്ന ആക്ഷേപം ഉയരുന്നു. അവിശ്വസനീയമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും ഇത് പ്രതികളെ രക്ഷിക്കാനാണെന്നും പരാതി ഉയരുകയാണ്.
വിവാഹ വീഡിയോ മോർഫ് ചെയ്തിട്ടില്ലെന്നും ഫെയ്സ്ബുക്കിലെ പ്രൊഫൈൽ ഫോട്ടോകൾ മോർഫ് ചെയ്തശേഷം അതേ ഐഡിയിൽ ഉള്ള സ്ത്രീകൾക്ക് മെസഞ്ചർവഴി അയക്കുകയായിരുന്നുവെന്നുമാണ് പോലിസ് ഇപ്പോൾ പറയുന്നത്.
ഒടുവിൽ പിടിയിലായ മുഖ്യപ്രതി ബിബീഷ് പറഞ്ഞ കാര്യങ്ങൾ അപ്പടി ആവർത്തിക്കുകയാണ് പോലീസ് ചെയ്യുന്നത്. ഇത് ശരിയല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഫെയ്സ്ബുക്ക് പ്രൊഫൈലിൽനിന്നാണ് ഫോട്ടോകൾ എടുത്തതെന്നു പറയുന്പോൾ പരാതിക്കാരായ സ്ത്രീകളിൽ പലർക്കും ഫെയ്സ്ബുക്ക് അക്കൗണ്ട് പോലുമില്ലെന്നതാണ് സത്യം.
തങ്ങളുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൊന്നുമില്ലെന്നും ഇത് വിവാഹ വീഡിയോവിൽനിന്ന് എടുത്തതാണെന്നുമാണ് ഇവർ പറയുന്നത്. അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതി മനപൂർവം പറഞ്ഞതാണോ ഇതെന്ന് പരിശോധിക്കേണ്ടതുണ്ട്. രണ്ടുവർഷമായി മോർഫ് ചെയ്യാറുണ്ടെന്നാണ് ബിബീഷ് പോലിസിനോട് പറഞ്ഞത്. എന്നാൽ രണ്ടുവർഷംകൊണ്ട് അഞ്ചു ഫോട്ടോകൾ മാത്രമാണോ മോർഫ് ചെയ്തതെന്ന ചോദ്യത്തിന് ഇയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല.
സംഭവത്തിൽ ഉൾപെട്ട മൂന്നു പ്രതികളും റിമാന്റിലാണ്. സ്റ്റുഡിയോ ഉടമകളായ സതീശനയെും സഹോദരൻ ദിനേശനെയും അറസ്റ്റുചെയ്ത ദിവസം ആറു ഫോട്ടോകൾ മോർഫ് ചെയ്യപ്പെട്ടുവെന്നാണ് പോലിസ് പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം മുഖ്യപ്രതിയായ ബിബീഷിനെ ചോദ്യംചെയ്തതോടെ ഇത് അഞ്ചു ചിത്രമായി കുറഞ്ഞു.
സ്റ്റുഡിയോ ഉടമകൾ പിടിയിലായതിനു പിന്നാലെ കേസ് ലഘൂകരിക്കാനും പ്രതികളെ രക്ഷിക്കാനും ഉന്നതതല സമ്മർദ്ദങ്ങളുണ്ടെന്നാണ് പരാതിക്കാരും നാട്ടുകാരും പറയുന്നത്. അതേസമയം പോലിസിനെതിരെ ഉരുന്ന വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്നും മോർഫിങ്ങ് കേസിൽ അന്വേഷണം ശരിയായ വഴിക്കുതന്നെയാണ് പോകുന്നതെന്നും റൂറൽ എസ്പി വ്യക്തമാക്കി. പോലിസിന്റെ ഭാഗത്തുനിന്നും വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിലെ സത്യം ഉടൻ തെളിയുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.