എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസിൽ ഗ്രൂപ്പ് യുദ്ധം ശക്തമാകുന്നു. കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭയിലെ പ്രതിപക്ഷ നിലപാട് പൊതു സമൂഹത്തിൽ വലിയ വിമർശനത്തിടയാക്കിയതോടെ ഗ്രൂപ്പു യുദ്ധവും മുറുകി. സോഷ്യൽ മീഡിയയിൽ വലിയ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ബില്ലിന് പിന്തുണ നൽകിയപ്പോൾ വി.ടി ബൽറാം മാത്രമാണ് ക്രമപ്രശ്നവുമായി എതിർപ്പുയർത്തി രംഗത്ത് വന്നത്.
ഇതിനെ രമേശ് ചെന്നിത്തല എതിർത്തതോടെ വോട്ടെടുപ്പിന് നിൽക്കാതെ ബൽറാം ഇറങ്ങിപ്പോയിരുന്നു. വിദ്യാർഥികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കത്ത് നൽകിയിരുന്നു. നിയമസഭയിലും ഇരുവരും പിന്തുണയും നൽകിയിരുന്നു. കോടതി വിധി എതിരായതോടെ സോഷ്യൽ മീഡിയയിൽ അടുത്തിടെ ഒന്നും ഉണ്ടാകാത്ത തരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വലിയ വിമർശനമാണ് ഉണ്ടായിരിക്കുന്നത്.
പ്രതിപക്ഷത്തിന്റെ നിലപാടിന് പിന്നിൽ ചെന്നിത്തലയാണെന്ന തരത്തിൽ കോണ്‍ഗ്രസിലെ ഒരു വിഭാഗം വലിയ തരത്തിൽ വിമർശനം ഉന്നയിക്കുകയാണ്. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ശക്തമായ ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയുടെ പ്രവർത്തനം പൂർണ പരാജയമാണെന്നും പിണറായിക്കും സി.പിഎമ്മിനും മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്ന തരത്തിലാണ് പ്രവർത്തനമെന്നുമാണ് ഇവരുടെ ആരോപണം.
ചെന്നിത്തലയ്ക്കെതിരെ നടത്തുന്ന പടയൊരുക്കത്തിന് നേതൃത്വം നൽകുന്നത് എ ഗ്രൂപ്പിലെ യുവജന നേതാക്കളും മുതിർന്ന നേതാക്കളും തന്നെയാണ്. എ ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കളെല്ലാം ഉൾപ്പെട്ട സൈബർ കമ്യൂണിറ്റിയിൽ നിന്നാണ് ചെന്നിത്തലയ്ക്കെതിരെയുള്ള പോസ്റ്റുകളിലധികവും. സൈബർ യുദ്ധത്തിന് പിന്നാലെ പരസ്യ വിമർശനവുമായി എ ഗ്രൂപ്പിന്റെ ശക്തനായ വക്താവ് ബെന്നി ബഹനാനും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ഡീൻ കുര്യക്കോസും രംഗത്ത് വന്നതോടെ ഇതിന്റെ തീവ്രത അൽപം കൂടി വർധിച്ചിരിക്കുകയാണ്.
ചെന്നിത്തലയ്ക്കെതിരെയുള്ള പടയൊരുക്കം ശ്രദ്ധയിൽപ്പെട്ടതോടെ ഐ ഗ്രൂപ്പും ശക്തമായി തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ചെന്നിത്തലയുടെ ചിത്രങ്ങളടങ്ങിയ പോസ്റ്റുകളിൽ വീരപരിവേഷവും ഐക്യദാർഢ്യവുമാണ് നൽകുന്നത്. കൂട്ടമായി ആക്രമിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി ഇനിയും അതും വേണ്ട എന്ന ശക്തമായ താക്കീതുമായാണ് പലരുടേയും പ്രതികരണം. ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ വിട്ടുകൊടുക്കില്ലെന്നും അതു കാടത്തമാണെന്നുമുള്ള ശക്തമായ എതിർവാദങ്ങളാണ് പോസ്റ്റുകളിൽ.
ചെന്നിത്തലയെ പ്രതിരോധിക്കാൻ കേരള ലീഡർ ഒപ്പോസിഷൻ രമേശ് ചെന്നിത്തല എന്ന ഗ്രൂപ്പിൽ വലിയ വാദ പ്രതിവാദമാണ് ഇപ്പോൾ നടക്കുന്നത്. ചെന്നിത്തലയെ മാറ്റണമെന്ന് ആവശ്യം ഉന്നയിക്കുന്നവർക്കുള്ള ഒരു മറുപടി ഇങ്ങനെയാണ് പ്രതിപക്ഷം എന്നുപറയുന്നത് ചെന്നിത്തല മാത്രമല്ല എ ഗ്രൂപ്പുകാരുടെ നേതാവ് ഉമ്മൻചാണ്ടിയാണ് ആദ്യം കത്തു കൊടുത്തതെന്നും എംഎം ഹസൻ ഇതു പാർട്ടി നിലപാടാണെന്ന് പറഞ്ഞത് അറിഞ്ഞില്ലേയെന്നും ചോദിക്കുന്നു.
ഇക്കാര്യത്തിൽ വി.ടി ബൽറാം മാത്രമാണ് ശരിയെന്നും ബാക്കിയുള്ള 139 പേരും മാനേജുമെന്റിന്റെ താളത്തിന് തുള്ളുന്നവരണെന്നുമാണ് കൂടുതൽ പേരുടേയും അഭിപ്രായം. ചെന്നിത്തലയ്ക്കെതിരെയുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവ് പഴകുളം മധു ലൈവായി തന്നെ ഈ ഗ്രൂപ്പിൽ രംഗത്ത് വന്നിട്ടുണ്ട്. യു.ഡി.എഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി എടുത്ത തീരുമാനം ചെന്നിത്തയ്ക്കെതിരെ ആയുധമാക്കുന്ന കേന്ദ്രം ഇതിൽ നിന്ന് പിൻമാറണമെന്നും ഇതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും പഴകുളം ലൈവ് വീഡിയോയിൽ പറയുന്നു.
ചെന്നിത്തലയ്ക്ക് പകരം വി.ടി ബൽറാമിനെ പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യം വരെ പലരും ഉന്നയിക്കുന്നുണ്ട്. ചെന്നിത്തലയ്ക്കതിരെ നടക്കുന്ന സൈബർ ആക്രമണത്തിന്റെ ഒരംശംപോലും ഉമ്മൻചാണ്ടിയ്ക്കെതിരേയോ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനെതിരെയൊ ഉയരുന്നില്ല. ഇതാണ് ഐ ഗ്രൂപ്പുക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്നുപേരും മുഖ്യമന്ത്രി പിണറായി വിജയന് കത്തു കൊടുത്തിട്ടും വിമർശന കൂടുതലായി ഏൽക്കേണ്ടി വന്നിരിക്കുന്നത് ചെന്നിത്തലയ്ക്കാണ്.
ചെന്നിത്തലയ്ക്കെതിരെ ബോധപൂർവമായി എ ഗ്രൂപ്പ് നടത്തുന്ന സൈബർ ആക്രമണമെന്നാണ് അവർ പറയുന്നത്. അതു തിരിച്ചറിഞ്ഞതു കൊണ്ടാണ് തങ്ങൾ പ്രതിരോധവുമായി ഇറങ്ങിയതെന്നും അവർ പറയുന്നു. മൈലേജ് കിട്ടുന്ന വിഷയങ്ങളുടെ ക്രെഡിറ്റിന്റെ പങ്കുപറ്റാൻ എ ഗ്രൂപ്പും അതിന്റെ നേതാക്കളും വരാറുണ്ട്. ഒറ്റക്കെട്ടായി എടുക്കുന്ന തീരുമാനങ്ങളുടെ പാപഭാരം മുഴുവൻ ചെന്നിത്തലയുടെ തലയിൽ കൊണ്ടിടുന്നത് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ സ്ഥിരം കലാപരിപാടിയാണെന്നാണ് ഇവർ പറയുന്നത്.
ഇതു അനുവദിക്കില്ലെന്നും ഇതിനെതിരെ ശക്തമായി പ്രതിരോധവും പ്രതിഷേധവും അടുത്ത് പാർട്ടി മീറ്റിംഗുകളിൽ ഉണ്ടാകുമെന്ന് അവർ പറയുന്നു. കോണ്‍ഗ്രസിനകത്ത് അടുത്ത കാലത്ത് ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള സൈബർ യുദ്ധമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. മുതിർന്ന നേതാക്കൾ തന്നെ ഇതിന്റെ ഭാഗമായി തുടങ്ങിയതോടെ വരും ദിവസങ്ങളിൽ തന്നെ ഇതു മുറുകുമെന്ന് ഉറപ്പാണ്.