ഞാന്‍ നട്ട മരത്തൈ ആ പോലീസുകാര്‍ കത്തിച്ചുകളഞ്ഞു, മുഖ്യമന്ത്രി നീതി നല്കണം, വിചിത്ര ആവശ്യവുമായി മരത്തില്‍ക്കയറി ഭീഷണി മുഴക്കിയ യുവതി തലസ്ഥാനത്തെ വട്ടംകറക്കിയത് ഇങ്ങനെ

തനിക്കെതിരേ പോലീസ് കള്ളക്കേസ് എടുത്തുവെന്ന് ആരോപിച്ചും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മരത്തില്‍ക്കയറി ഭീഷണി മുഴക്കിയ യുവതിയെ ഫയര്‍ഫോഴ്‌സ് എത്തി താഴെയിറക്കി. കണ്ണൂര്‍ പെരുമണ്‍ സ്വദേശിനി വീണാമണി (36) യാണ് കൂറ്റന്‍ ആല്‍മരത്തില്‍ക്കയറി ഭീഷണി മുഴക്കിയത്. ഇന്നു രാവിലെ 6.15നായിരുന്നു സംഭവം. എറണാകുളത്ത് താമസിച്ചുവരുന്ന വീണാമണി ഇന്നു രാവിലെയാണ് ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയത്. കണ്ണൂര്‍ ഇരിക്കൂര്‍ സ്റ്റേഷനില്‍ കഴിഞ്ഞ 2014ല്‍ വീണാമണിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പ്രകൃതിസ്‌നേഹിയും വൃക്ഷസ്‌നേഹിയുമായ വീണാമണി കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇരിക്കൂര്‍ സ്റ്റേഷന്‍ വളപ്പില്‍ ഇവര്‍ നട്ട മരം അന്നത്തെ എസ്.ഐയും സംഘവും കത്തിക്കാന്‍ ശ്രമിച്ചുവെന്നും പ്രതികരിച്ച തനിക്കെതിരേ പോലീസ് കേസെടുത്തുവെന്നുമാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് വീണാമണിയെ അറസ്റ്റുചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. കേസ് ഇപ്പോള്‍ കണ്ണൂരില്‍ കോടതിയുടെ പരിഗണനയിലാണ്. പോലീസിന്റെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയെന്നുപറഞ്ഞാണ് ഇവര്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തത്.

ഇരിക്കൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ താന്‍ തെറ്റുകാരിയല്ലെന്നും ഇതിന്റെ നിജസ്ഥിതിയറിയാന്‍ സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. വിവിധ തലങ്ങളില്‍ വീണാമണി തന്റെ നിരപരാധിത്വം തെളിയിക്കണം എന്നാവശ്യപ്പെട്ട് പരാതികള്‍ നല്‍കിയിട്ടും പ്രയോജനമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തുകയും മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തത്. സെക്രട്ടേറിയറ്റിന്റെ രണ്ടാം ഗേറ്റിനു സമീപത്തെ മരത്തില്‍ക്കയറി ഭീഷണി മുഴക്കിയ ഇവരെ ചെങ്കല്‍ച്ചുള്ളയില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്‍മാന്‍മാരായ സന്തോഷ്‌കുമാര്‍, ജയകുമാര്‍, ഫയര്‍മാന്‍മാരായ കിഷോര്‍, അനില്‍കുമാര്‍, ജിജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് താഴെയെത്തിച്ചത്.

ആദ്യം പ്രതിഷേധവുമായി മരത്തിനു മുകളില്‍ നിലയുറപ്പിച്ചുവെങ്കിലും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഇവരെ അനുനയിപ്പിച്ച് താഴെയെത്തിക്കുകയായിരുന്നു. അതേസമയം വീണാമണിയുടെ പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശദമായ വിവരങ്ങള്‍ ആരായുമെന്നു കന്റോണ്‍മെന്റ് എ.സി വ്യക്തമാക്കി. കോടതിയുടെ പരിഗണനയില്‍ കേസ് ഇരിക്കവെ ഇവര്‍ മുഖ്യമന്ത്രിയെ കാണാന്‍ ഇന്നു രാവിലെ തിരുവനന്തപുരത്ത് എത്തിയതെന്തിനെന്നു വ്യക്തമാകുന്നില്ലെന്നും ഇരിക്കൂര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണെന്നും എ.സി അറിയിച്ചു.

Related posts