പാറശാല: നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പു കേസിൽ പിടികൂടാനുള്ള ആറ് പ്രതികൾക്കായി തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസില്‍ പ്രതികളായ പളുകല്‍ മത്തംമ്പാല കൃഷ്ണ നിവാസില്‍ രേഖ ,പളുകല്‍ ശ്രീരാഗില്‍ ഉഷാകുമാരി, കെവി സദനത്തില്‍ ആര്.ജയ, പളുകല്‍ കുഴിവിളാകത്ത് ശാന്തികുമാരി, കന്നുകാമൂട് നാരായണമന്ദിരത്തില്‍ കൃഷ്ണകുമാര്‍, മണിവിള പുരവൂര്‍ പ്രശാന്ത് നിവാസില്‍ പ്രത്യൂഷ് എന്നീ പ്രതികൾക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിർമലൻ ഉൾപ്പെടെ പതിനാറുപേരെ പ്രതി ചേർത്ത് കേസ് എടുത്തിരുന്നുവെങ്കിലും കീഴടങ്ങിയവർ ഉൾപ്പെടെ പത്തുപേർ നേരത്തെ പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. എന്നാൽ ഈ ആറുപേരെയും പിടികൂടുവാൻ ഇതുവരെ സാധിച്ചിരുന്നില്ല.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിലെ പ്രതികളായ ഇവര്‍ ഒളിവില്‍ കഴിഞ്ഞ് വരികയാണെന്നും ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നാഗര്‍കോവില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനെ 09443281254 , 04652272110 എന്നീ ഫോണ്‍ നമ്പരുകളില്‍ വിവരമറിയിക്കണമെന്നും തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി പാല്‍ദുരൈ പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് പളുകലിന് സമീപം മത്തംമ്പാലയില് നടത്തിയിരുന്ന നിര്‍മല്‍ കൃഷ്ണ എന്ന ധനകാര്യ സ്ഥാപനം പൂട്ടി ഉടമയും സംഘവും മുങ്ങിയത്.