കെ.എ. അബ്ബാസ്
പൊൻകുന്നം: പുതിയ വാഹനം രജിസ്റ്റർ ചെയ്തപ്പോൾ ഇഷ്ട നന്പർ കിട്ടുന്നതിന് അഞ്ചു ലക്ഷം രൂപ മുടക്കി കാഞ്ഞിരപ്പള്ളി കാളകെട്ടി സ്വദേശി എബ്രിനോ കെ.തോമസ് എന്ന യുവാവ് നാട്ടുകാരെ അന്പരപ്പിച്ചത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. അത്രമാത്രം പണം മുടക്കി ഫാൻസി നന്പർ വാങ്ങിയതിനെ ചിലർ അനുകൂലിച്ചപ്പോൾ , ചിലർ കഠിനമായി വിമർശിച്ചു.
അങ്ങേർക്കു വട്ടാണ് എന്ന് പറഞ്ഞവരും നിരവധി… എന്നാൽ അവരിൽ പലരും എബ്രിനോ എന്തിനാണ് അഞ്ചുലക്ഷം മുടക്കി നന്പർ സ്വന്തമാക്കിയതെന്ന രഹസ്യം അറിഞ്ഞപ്പോൾ പറയുന്നു. നമുക്കെന്തേ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്..?
എന്താണ് കാരണമെന്നറിയേണ്ടേ . അഞ്ചുലക്ഷം രൂപ കൊടുത്തു വാങ്ങിയ നന്പറിന് കോട്ടയത്ത് നിന്നൊരാൾ ഓഫർ ചെയ്ത വില കേട്ടാൽ ആരും അന്പരക്കും. 85 ലക്ഷം രൂപ. വിദേശത്തു നിന്നും ഒരു പ്രവാസി പറഞ്ഞ വില ഒന്നേകാൽ കോടി. പക്ഷെ എബ്രിനോ കൊടുക്കുവാൻ തയാറല്ല. എബ്രിനോ കൊടുക്കും, പക്ഷെ രണ്ടു കണ്ടീഷൻ. ഒന്നാമത്തേത്, പ്രതീക്ഷിക്കുന്ന വില മൂന്നു കോടി. രണ്ടാമത്തേത്, വാങ്ങുന്ന ആൾ അതിന് അർഹതപ്പെട്ടവനെന്നു എബ്രിനോയ്ക്ക് തോന്നണം. അത് രണ്ടും ഒത്തു വന്നാൽ വാഹനം കൊടുക്കുവാൻ എബ്രിനോ തയാർ.
അങ്ങനെയൊരാൾ വരും, വരാതിരിക്കില്ല. എബ്രിനോയ്ക്ക് ഉറപ്പാണ്. എബ്രിനോ സ്വന്തമാക്കിയ നന്പർ കെഎൽ 34 എഫ് 1. എഫ് 1 എന്നാൽ ലോക പ്രശസ്ത ഫോർമുല വണ്ണിന്റെ ചുരുക്കെഴുത്താണ്. ഫോർമുല വണ്ണിനെ പറ്റി അറിയാവുന്നവരും, അതിന്റെ ഫാൻസിനും ആ നന്പർ വിലമതിക്കാനാവാത്ത നന്പറാണ്.
ഒരു വർഷം ഫോർമുല വണ്ണിൽ പങ്കെടുക്കുവാൻ മത്സരാർഥികൾ ചെലവിടുന്നത് ഏകദേശം 20 കോടി രൂപയാണ്. അതുപോലെ ഫോഴ്സ് മോട്ടോഴ്സ് ഗൂർഖ എന്ന വാഹനത്തിനാണ് ആ നന്പർ രജിസ്റ്റർ ചെയ്തത്. ഫോഴ്സ് എന്ന കന്പനിയുടെ ലോഗോയാണ് എഫ്. അതുകൊണ്ടു ഫോഴ്സിന്റെ വാഹനത്തിനു എഫ് 1 എന്ന നന്പറിന്റെ വില അമൂല്യമാണ്. അതിനാൽ അപൂർവങ്ങളിൽ അപൂർവമാണ് എബ്രിനോ സ്വന്തമാക്കിയ ആ നന്പർ. ഈ വാർത്ത അറിഞ്ഞു ഫോഴ്സ് കന്പനിക്കാർ എബ്രിനോയെ വിളിച്ചു പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
കാർ റേസിംഗ് ഭ്രമമുള്ള എബ്രിനോ വർഷങ്ങൾക്കു മുൻപ് ബംഗളൂരുവിൽ ജെറ്റ് എയർവേസിൽ ജോലി ചെയ്യുവാൻ തുടങ്ങിയപ്പോഴാണ് ഫോർമുല വണ്ണിനെ പറ്റി കൂടുതൽ അറിയുന്നത്. അന്നെടുത്ത തീരുമാനമാണ് തനിക്ക് എന്ത് വിലകൊടുത്തും എഫ് 1 എന്ന വണ്ടി നന്പർ സ്വന്തമാക്കണമെന്ന്. അന്ന് മുതൽ കാഞ്ഞിരപ്പള്ളി ആർടി യിൽ എഫ് സീരീസ് വരുവാനുള്ള കാത്തിരിപ്പായിരുന്നു.
ആ കാത്തിരിപ്പ് ഏഴ് വർഷങ്ങൾ നീണ്ടു. ഒടുവിൽ എതിരായി ലേലം വിളിച്ചയാൾ അധികം തയാറെടുപ്പില്ലാതെ വന്നതിനാൽ കാര്യങ്ങൾ എളുപ്പമായി. അങ്ങനെ എബ്രിനോ കണ്ട സ്വപ്നം യാഥാർഥ്യമായി. ആ നന്പർ ലേലത്തിൽ എബ്രിനോയ്ക്ക് അഞ്ചുലക്ഷം രൂപയ്ക്കു ലഭിച്ചുവെങ്കിലും, അദ്ദേഹം വാഹനത്തിന്റെ വിലയായ പതിമൂന്നു ലക്ഷം രൂപവരെ വിളിക്കുവാൻ തയാറായിരുന്നു . പക്ഷെ എതിരാളി അഞ്ചുലക്ഷത്തിനു മതിയാക്കിയതിനാൽ ബാക്കി പണം സ്വന്തം കീശയിൽ തന്നെ.