കോഴിക്കോട്: മിഠായിത്തെരുവില്‍ ബേബി മാര്‍ക്കറ്റില്‍ കവർച്ച. അഞ്ച്കടകളില് മോഷണ ശ്രമം. കടകളുടെ പൂട്ടുകള്‍ തകര്‍ത്തനിലയില്‍ കണ്ടതിനെതുടര്‍ന്ന് ജീവനക്കാരാണ് ടൗണ്‍പോലീസില്‍ വിവരമറിയിച്ചത്. ഇന്നലെ രാത്രിയാണ് മോഷണ ശ്രമം നടന്നതെന്ന് പോലീസ് അറിയിച്ചു. പുതിയതായി തുറന്ന മിഠായികള്‍ വില്‍ക്കുന്ന കടയായ ഷഫീര്‍ ട്രേഡേഴ്സില്‍ നിന്നാണ് 25,730 രൂപ കവർന്നത്.
സിസിടിവികള്‍ തകരാറിലാക്കിയ ശേഷമാണ് മോഷണവും മോഷണശ്രമവും നടന്നത്. രണ്ട് കടകള്‍ കുത്തി തുറന്നിട്ടുണ്ട്. കടയുടെ ഷട്ടര്‍ പൂര്‍ണമായും ഉയര്ത്തിയനിലയിലാണ്. സമീപത്തെ കെവിന് ആര്‍ക്കേഡിലും മോഷണ ശ്രമം നടന്നെങ്കിലും സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
ഉടമകളെ വിളിച്ചുവരുത്തി പോലീസ് സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. വിഷുക്കാലമായതിനാല്‍ വലിയ വസ്ത്രശേഖരം തന്നെ മറ്റു കടകളില്‍ ഉണ്ടായിരുന്നു.പൂട്ട് കമ്പിപ്പാരകൊണ്ട് തകര്‍ത്താണ് മോഷണ ശ്രമം നടത്തിയിരിക്കുന്നത്. എന്നാല്‍ വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ മോഷണം പോയിട്ടില്ല.
ന്യൂ സ്റ്റൈല്‍, അപ്സര ഏജന്‍സി ആന്‍ഡ് എന്റര്‍പ്രൈസസ് എന്നിവിടങ്ങളിലാണ് മോഷണശ്രമമുണ്ടായത്. ഈ കടയുടെ ഭാഗത്തേക്കുള്ള സിസിടിവി കാമറ സ്ഥാനം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. മാര്‍ക്കറ്റിന് അഞ്ച് ഗേറ്റുകളാണുള്ളത്. ഇതില്‍ നാലെണ്ണം പൂട്ടിയതിന് ശേഷം അഞ്ചാമത്തേത് പോര്‍ട്ടര്‍മാര്‍ക്ക് സാധനങ്ങളിറക്കാനുള്ള സൗകര്യത്തിന് തുറന്നുവയ്ക്കാറായിരുന്നു പതിവ്.
ഇവിടങ്ങളിലെല്ലാം സിസിടിവി കാമറയുമുണ്ടായിരുന്നു. രാത്രി പത്തരയ്ക്കാണ് കട പൂട്ടി അവസാനത്തെ വ്യാപാരിയും പോയത്. അതിനുശേഷമായിരിക്കും മോഷണം നടന്നതെന്നാണ് കരുതുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.