പൂച്ചാക്കൽ: നാട്ടിൻപുറങ്ങളിലെയും പാതയോരങ്ങളിലെയും കണ്ണിമാങ്ങകൾ പറിക്കുന്നത് പതിവു കാഴ്ച. അച്ചാറുകൾ ഇടുന്നതിനും മറ്റുമാണ് കൂടുതലായും കണ്ണിമാങ്ങ പൊട്ടിക്കുന്നത്.
കുലയോടു കൂടി പറിക്കുന്ന കണ്ണിമാങ്ങായ്ക്കു മാർക്കറ്റിൽ ആവശ്യക്കാർ കൂടുതലുള്ളത്. ഇത്തരത്തിൽ ലഭിക്കുന്നതിന് മാവിന്റെ കൊന്പുകൾ ഒടിച്ചാണ് കണ്ണിമാങ്ങ പറിക്കുന്നത്. ഇങ്ങനെ പറിക്കുന്നതുമൂലം അപൂർവം നാട്ടുമാവുകളുടെ നിലനിൽപ്പിനു തന്നെ പ്രശ്നമാകുമെന്ന് പരിസ്ഥിതി പ്രവർത്തകരുടെ വാദം.
കണ്ണിമാങ്ങകൾക്കായി അന്യസംസ്ഥാനങ്ങളിലെയും ഇതര ജില്ലകളിലെയും കന്പനിക്കാർ മത്സരിച്ചാണ് നമ്മുടെ ജില്ലകളിലേക്കു എത്തുന്നത്. ഉടമകളിൽ നിന്നും വളരെ തുച്ഛമായ വിലയ്ക്കാണ് കണ്ണിമാങ്ങ വാങ്ങുന്നതെങ്കിലും മാർക്കറ്റുകളിൽ 80രൂപ മുതൽ 120രൂപ വരെ വില നൽകേണ്ടി വരുന്നുണ്ട്.
വിഷം ഇല്ലെന്ന് ഉറപ്പുള്ളതിനാൽ വിറ്റുതീരുവാൻ പ്രയാസം ഇല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഓരോ മാവിൽനിന്നും ക്വിന്റൽ കണക്കിന് കണ്ണിമാങ്ങയാണ് ഓരോ സീസണിലും പൊട്ടിച്ചെടുക്കുന്നത്. ലക്ഷക്കണക്കിനു രൂപയുടെ കണ്ണിമാങ്ങകളാണ് അച്ചാർ ഉണ്ടാക്കി വിദേശതത്തേക്ക് കയറ്റുമതി ചെയ്യുന്നതും.
സർക്കാർ വക സ്ഥലത്തുള്ള മാവുകളിലെ കണ്ണിമാങ്ങ ലേലത്തിന് എടുക്കുന്നവർ ഓഫീസുകളുടെ ഒഴിവുദിവസങ്ങൾ നോക്കിയാണ് മാങ്ങ എടുക്കുന്നത്. അതിനാൽ മാങ്ങ മുഴുവൻ കൊണ്ടുപോയതിന് ശേഷമേ മാവിന്റെ കൊന്പടക്കം ഒടിച്ച് കളഞ്ഞ വിവരം അധികൃതർ അറിയുകയുമുള്ളു. ഇതു മാവുകളുടെ നാശത്തിനു വഴിയൊരുക്കുന്നു.
അന്യംനിന്നുപോകുന്ന നാട്ടുമാവുകൾ വലിയൊരു പരിധിവരെ അവശേഷിക്കുന്നത് ഗ്രാമങ്ങളിലും പാതയോരങ്ങളിലുമാണ്. അശാസ്ത്രിയമായി കണ്ണിമാങ്ങ പറിച്ചെടുക്കുന്നതുമൂലം നാട്ടുമാവുകൾ നശിക്കുന്നു. വരുംതലമുറയ്ക്കുകാണിച്ചുകൊടുക്കാൻ നാട്ടിൻപുറങ്ങളിൽ നാട്ടുമാവുകൾ അന്യമാകുന്ന അവസ്ഥ വിദൂരമല്ല.