നാദാപുരം: വേനൽച്ചൂട് കണക്കിലെടുത്ത് ഏപ്രിൽ, മേയ് മാസങ്ങളിൽ സ്കൂളുകൾ തുറക്കരുതെന്നും കുട്ടികളെ സ്കൂളിൽ വരുത്തരുതെന്നും ഉത്തരവിട്ട അധികൃതർ പിഞ്ചു കുട്ടികളെ മറന്നു. മൂന്ന് മുതൽ അഞ്ചു വയസുവരെ പ്രായമുള്ള കുട്ടികളെത്തുന്ന അങ്കണവാടികളുടെ കാര്യത്തിൽ വേനലും വരൾച്ചയും ബാധകമല്ല.
ഞായർ ഒഴികെ എല്ലാ ദിവസവും കുട്ടികൾ അങ്കണവാടിയിലെത്തണം. സംസ്ഥാനത്ത് ഇക്കൊല്ലം മുൻ വർഷത്തേക്കാൾ കൂടിയ ചൂടും വരൾച്ചയും ഉണ്ടാകുമെന്നു കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
സൂര്യാഘാതം ഉണ്ടാകാനിടയുള്ളതിനാൽ പകൽ സമയത്ത് തൊഴിലാളികൾ പുറത്തിറങ്ങി ജോലി ചെയ്യരുതെന്നും സർക്കാർ നിർദേശിച്ചിരുന്നു. അവധിക്കാലത്ത് കുട്ടികളെ സ്കൂളിൽ എത്തിക്കരുതെന്നും വേനലും ജലക്ഷാമവും ഉള്ളതിനാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു ജില്ലാ കളക്ടർമാർ നൽകിയ ഉത്തരവ്.
ബാലാവകാശ കമ്മീഷനും അവധിക്കാലത്ത് സ്കൂൾ പ്രവർത്തിപ്പിക്കുന്നതു കർശനമായി വിലക്കിയിട്ടുണ്ട്. ഇത്തരത്തിൽ വെക്കേഷൻ ക്ലാസ് നടത്തിയാൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നും കളക്ടർമാർ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.