മുംബൈ: വിവാദത്തിലായ ഐസിഐസിഐ ബാങ്കിലെ ആഭ്യന്തര ഭരണരീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസി. ഫിച്ച് റേറ്റിംഗ്സ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ അതൃപ്തി.
ആരോപണങ്ങളെപ്പറ്റി നടക്കുന്ന അന്വേഷണം പുരോഗമിക്കുന്നതനുസരിച്ച് ബാങ്കിന്റെ റേറ്റിംഗ് മാറാൻ സാധ്യതയുണ്ടെന്നും ഫിച്ച് റേറ്റിംഗ്സ് മുന്നറിയിപ്പു നൽകി. ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ചന്ദ കോച്ചാറിനെ ചുറ്റിപ്പറ്റിയാണ് ആരോപണം.
അവരുടെ ഭർത്താവിന് 64 കോടി രൂപയുടെ അവിഹിത വായ്പ വീഡിയോകോൺ ഗ്രൂപ്പിൽനിന്നു ലഭിച്ചെന്നും ഇത് ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് അനുവദിച്ച 3250 കോടി രൂപയ്ക്കുള്ള പ്രത്യുപകാരമായിരുന്നെന്നുമാണ് ആരോപണം.
സ്വകാര്യകന്പനികളിൽ കഴിവും പ്രഫഷണൽ യോഗ്യതയും കൂടുതൽ പ്രതിഫലവും ഉള്ള നേതൃത്വം ഉണ്ടെന്നും ഇത് അഴിമതിക്കും സ്വജനപക്ഷപാതത്തിനുമുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നും പരക്കെ ധാരണയുണ്ടായിരുന്നു. ഈ ധാരണ തിരുത്തുന്നതാണ് ഐസിഐസിഐ ബാങ്കിലെ ആരോപണമെന്നു ഫിച്ച് വിലയിരുത്തി.
ചന്ദ കോച്ചർകൂടി ഉൾപ്പെട്ട കമ്മിറ്റിയാണ് വിഡിയോകോൺ ഗ്രൂപ്പിനു വായ്പ അനുവദിച്ചത്. അനുവദിക്കുന്ന സമയത്ത് ചന്ദയുടെ ഭർത്താവ് ദീപക് കോച്ചറുടെ ഒരു കന്പനിയും വിഡിയോകോൺ ഗ്രൂപ്പുമായി ഇടപാടുകൾ ഉണ്ടായിരുന്നു. ദീപകും വീഡിയോകോൺ മേധാവി വേണുഗോപാൽ ധൂതും തുല്യ പ്രമോട്ടർമാരായി തുടങ്ങിയ ന്യൂപവർ റിന്യൂവബിൾസ് പ്രൈവറ്റ് ലിമിറ്റഡിനാണ് വീഡിയോകോണിന്റെ ഒരു ഉപകന്പനി 64 കോടി രൂപ നല്കിയത്. ഈ തുക നല്കുന്ന അവസരത്തിലാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്.
ന്യൂപവറിൽ ദീപകിനൊപ്പം വേണുഗോപാൽ ധൂത് ഡയറക്ടറാണെന്ന് അക്കാലത്ത് ചന്ദയ്ക്ക് അറിവില്ലായിരുന്നു എന്നാണ് ദീപക് പറയുന്നത്. കുറേനാൾ കഴിഞ്ഞു ധൂത് ഡയറക്ടർ സ്ഥാനം വിട്ട ശേഷമാണത്രേ ചന്ദ വിവരമറിയുന്നത്.
ഭർത്താവിന്റെ കന്പനിയുമായി ബന്ധമുള്ള ഗ്രൂപ്പിനു വായ്പ അനുവദിക്കുന്ന കമ്മിറ്റിയിൽ ചന്ദ ഇരുന്നതു ശരിയായില്ലെന്നാണു വിമർശനം. കുറ്റാന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണം എതിരായാൽ ബാങ്കിന്റെ ഖ്യാതിക്ക് വലിയ ഇടിവുണ്ടാകും എന്നും ഫിച്ച് മുന്നറിയിപ്പ് നല്കി.