കോട്ടയം: തൃശൂരിൽ നിന്ന് തട്ടിയെടുത്ത എയ്സുമായി പാലായിൽ എത്തിയ മോഷ്ടാവ് പിക്ക്അപ് വാനുമായി കടന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പാലായിൽ നിന്ന് തട്ടിയെടുത്ത പിക്ക് അപ് വാനുമായി പോയ മോഷ്ടാവ് എറണാകളും റൂറലിലെ വടക്കേക്കര സ്റ്റേഷൻ പരിധിയിൽ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായി.
തൊടുപുഴ സ്വദേശി അനീഷ് എന്നയാളാണ് പിക്ക് അപ് മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിൽ കഴിയുന്നതെന്ന് പാലാ പോലീസ് പറഞ്ഞു. ഇയാൾ പാലായിൽ ഉപേക്ഷിച്ച എയ്സ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് തൃശൂർ മെഡിക്കൽ കോളജിലെ മാലിന്യം നീക്കാൻ കരാർ എടുത്തയാളുടേതാണെന്ന് തിരിച്ചറിഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പാലാ കടുതോടിലെ ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പിക് അപ് വാൻ. ഞായറാഴ്ച പിക്അപ് വാനിൽ പച്ചക്കറി വിൽക്കുന്നതിനിടെയാണ് ഡ്രൈവർ സന്തോഷ് എയ്സുമായി എത്തിയ തൊടുപുഴ സ്വദേശി അനീഷിനെ പരിചയപ്പെട്ടത്. വൈകുന്നേരം പച്ചക്കറി കച്ചവടം കഴിഞ്ഞ് പോകുംവഴി അനീഷ് വീണ്ടുമെത്തി.
പിന്നീട് എയ്സ് വഴയിൽ പാർക്ക് ചെയ്ത ശേഷം പിക്അപ് വാനിൽ കയറി യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ സന്തോഷ് സിഗരറ്റ് വാങ്ങാൻ പുറത്തിറങ്ങി. ഈ തക്കത്തിനാണ് പിക്ക്അപ് വാനുമായി അനീഷ് കടന്നത്. വാൻ മോഷ്ടിച്ച വിവരം അപ്പോൾ തന്നെ പോലീസിനെ അറിയിച്ചിരുന്നു.
പോലീസ് എല്ലാ സ്ഥലത്തേക്കും വയർലെസ് സന്ദേശം നല്കിയതിനെ തുടർന്ന് വാഹന പരിശോധന ശക്തമാക്കിയിരുന്നു. പോലീസ് പരിശോധന മറി കടക്കാനായി പാഞ്ഞു പോകുന്പോഴാകാം പിക്ക്അപ് അപകടത്തിൽപ്പെട്ടതെന്നു കരുതുന്നു.