സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്ത് ഈ വർഷം രണ്ടുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകൾ 459 എണ്ണം. ജനുവരിയിൽ 238 കേസുകളും ഫെബ്രുവരിയിൽ 221 കേസുകളുമാണ് കേരളത്തിൽ ഈ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം ആദ്യത്തെ രണ്ടു മാസത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 301 ആയിരുന്നു.
2017 ജനുവരിയിൽ 144 ഉം ഫെബ്രുവരിയിൽ 157 ഉം. ഈ വർഷം പോക്സോ കേസുകളുടെ എണ്ണത്തിൽ തുടക്കത്തിൽതന്നെ വർധനവാണ് കാണിക്കുന്നത്. ഈ വർഷം ആദ്യത്തെ രണ്ടുമാസത്തെ കണക്കെടുക്കുന്പോൾ ഏറ്റവുമധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരം റൂറൽ പരിധിയിലാണ്. അന്പതു കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 46 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സിറ്റി – 23, കൊല്ലം സിറ്റി – 16, കൊല്ലം റൂറൽ – 21, പത്തനംതിട്ട – 12, ആലപ്പുഴ – 17, കോട്ടയം – 31, ഇടുക്കി – 23, എറണാകുളം സിറ്റി – 17, എറണാകുളം റൂറൽ – 26, തൃശൂർ സിറ്റി – 17, തൃശൂർ റൂറൽ – 28, പാലക്കാട് – 22, കോഴിക്കോട് സിറ്റി – 17, കോഴിക്കോട് റൂറൽ – 30, വയനാട് – 23, കണ്ണൂർ – 24, കാസർഗോഡ് – 16 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ.
2017ൽ സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്ത പോക്സോ കേസുകൾ 2611 ആണ്. ജനുവരിയിൽ 144 ഉം ഫെബ്രുവരിയിൽ 157 ഉം തുടർന്നുള്ള മാസങ്ങളിൽ 371, 237, 211, 192, 220, 225, 205, 210, 229, 210 എന്നിങ്ങനെയായിരുന്നു കേസുകളുടെ എണ്ണം. 280 കേസുകൾ രജിസ്റ്റർ ചെയ്ത തിരുവനന്തപുരം റൂറൽ തന്നെയാണ് കഴിഞ്ഞവർഷവും മുന്നിലുണ്ടായിരുന്നത്. 219 കേസുകളുമായി മലപ്പുറം രണ്ടാം സ്ഥനത്തും 171 കേസുകളുമായി കോഴിക്കോട് റൂറൽ മൂന്നാം സ്ഥാനത്തുമായിരുന്നു.