കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍ പുറത്ത്. നൃത്താധ്യാപികയുമായുള്ള രാജേഷിന്റെ ബന്ധവും ഫോണ്‍വിളികളും എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നെന്നും പലപ്പോഴും താന്‍ അത് എതിര്‍ത്തിരുന്നെന്നുമാണ് രാജേഷിന്റെ പിതാവ് രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്. ഇതോടെ ഗള്‍ഫിലെ സ്ത്രീ പറയുന്നത് പലതും ശരിയാണോ എന്ന സംശയം സജീവമാകുകയാണ്.
മകന്റെ കൊലപാതക വിവരം അറിയിക്കാന്‍ ഖത്തറിലെ നൃത്ത അദ്ധ്യാപിക തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും അവരോട് സംസാരിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും രാജേഷിന്റെ പിതാവ് വ്യക്തമാക്കുന്നു. ഈ സ്ത്രീയുമായി ഫോണില്‍ നിരന്തരം സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ പല തവണ രാജേഷിന് താക്കീത് നല്‍കിയതാണെന്നും ഇനി ഫോണ്‍ വിളി ആവര്‍ത്തിക്കില്ലെന്നും രാജേഷ് ഉറപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ യുവതി പറയുന്നതിന് വിരുദ്ധമാണ് ഇതെല്ലാം. അതുകൊണ്ട് തന്നെ രാജേഷിന്റെ കൊലയില്‍ പെണ്‍ ബുദ്ധിയുണ്ടോയെന്ന സംശയവും സജീവമാകും. കഴിഞ്ഞ മെയ് 19ന് നാട്ടില്‍ തിരിച്ചെത്തിയ രാജേഷ് സ്ഥിരമായി ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. പിന്നീട് രാജേഷിന്റെ ഭാര്യ തന്നെ ഈ സ്ത്രീ നിരന്തരം വിളിച്ച് സംസാരിക്കുന്നുവെന്ന വിവരം തന്നോട് പറഞ്ഞിരുന്നുവെന്നും രാധാകൃഷ്ണന്‍ പറയുന്നു.
ഇതനുസരിച്ചാണ് രാജേഷിനെ ശ്രദ്ധിച്ചത്. മാറി നിന്ന് ഫോണ്‍ വിളിക്കുന്നത് പല തവണ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവനെ വിളിച്ച് ഞാന്‍ സംസാരിച്ചു. വെറുതെ കുടുംബത്തില്‍ ഇതൊരു സംസാര വിഷയമാക്കണ്ടെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തിരുന്നു. ഫോണ്‍വിളി നിര്‍ത്തിയെന്നു പറഞ്ഞിരുന്നെങ്കിലും ബന്ധം തുടര്‍ന്നിരുന്നു എന്നു വേണം കരുതാനെന്നും രാധാകൃഷ്ണന്‍ പറയുന്നു.
പിന്നീട് ഈ സ്ത്രീയുടെ നമ്പര്‍ തനിക്ക് ലഭിച്ചിരുന്നു. സംഭവ ദിവസം രാത്രി ഇവര്‍ തന്റെ ഫോണില്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ മേലില്‍ വിളിക്കരുതെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. രാജേഷിന് അപകടം സംഭവിക്കുമെന്ന കാര്യം അറിയിക്കാനാണ് അവര്‍ വിളിച്ചതെന്ന് പിന്നീടാണ് തനിക്ക് മനസ്സിലായതെന്നും രാധാകൃഷ്ണന്‍ പറയുന്നു.
സംഭവം നടക്കുമ്പോള്‍ ആ സ്ഥലത്തു നിന്നും 20 കിലോമീറ്ററോളം അകലെയായിരുന്നു താനെന്നും അറിഞ്ഞിരുന്നെങ്കില്‍ പോലും ഒന്നും ചെയ്യാനാവില്ലായിരുന്നെന്നും രാജേഷിന്റെ പിതാവ് പറയുന്നു. ഖത്തറിലെ നൃത്താധ്യാപിക പറയുന്നത് പോലെ രാജേഷിന്റെ വീട്ടിലെ ആര്‍ക്കും അവരുമായി നേരിട്ടോ അല്ലാതെയോ പരിചയവുമില്ല അടുപ്പവുമില്ല.
ചെന്നൈയില്‍ ഇവരുടെ സഹായത്തോടെ എന്തെങ്കിലും ജോലി സംബന്ധിച്ച കാര്യങ്ങളും തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു. ഈ സ്ത്രീയെക്കുറിച്ച് അറിയുന്നത് പോലും രാജേഷിന്റെ ഭാര്യ നേരിട്ട് പറയുമ്പോഴാണ്.
എന്നാല്‍ ഈ വിഷയത്തില്‍ ഒരിക്കല്‍ പോലും വീട്ടില്‍ രാജേഷും ഭാര്യയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നം തന്റെ അറിവില്‍ ഇല്ലെന്നും രാധാകൃഷ്ണന്‍ പറയുന്നു. ഈ സ്ത്രീയുടെ കുടുംബത്തില്‍ രാജേഷുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള വഴക്കും പ്രശ്‌നങ്ങളുമാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്നും തനിക്ക് അറിയില്ലെന്നും മാധ്യമങ്ങളില്‍ പൊലീസ് പറഞ്ഞതായി വരുന്ന കാര്യങ്ങള്‍ മാത്രമെ തനിക്ക് അറിയുള്ളൂവെന്നും രാധാകൃഷ്ണന്‍ പറയുന്നു.
പ്രതികളെ പിടിക്കാന്‍ പൊലീസ് ഊര്‍ജിതമായി ശ്രമിക്കുന്നുവെന്നാണ് വിശ്വാസമെന്നും ഇപ്പോഴത്തെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും രാജേഷിന്റെ പിതാവ് വ്യക്തമാക്കുന്നു. പ്രധാനപ്രതി എന്നു സംശയിക്കപ്പെടുന്ന അലിഭായ് എന്നറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാല്‍ പോലീസില്‍ കീഴടങ്ങിയിരുന്നു.